Sports
ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിക്കറ്റ് ലീഗിന്റെ 19-ാം പതിപ്പിനു നാളെ തുടക്കം. കഴിഞ്ഞ 18 സീസണിനേക്കാളും ബ്രാന്‍ഡ് മൂല്യം റോക്കറ്റ്പോലെ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് 2026 ഐപിഎല്‍ നാളെ തുടങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
16,711 കോടി രൂപയ്ക്ക് (1.78 ബില്യണ്‍ ഡോളര്‍) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെയും 15,300 കോടി രൂപയ്ക്ക് (1.63 ബില്യണ്‍ ഡോളര്‍) രാജസ്ഥാന് റോയല്‍സിനെയും വില്‍പ്പന നടത്തിയത് ഐപിഎല്‍ ടീമുകളുടെ മൂല്യത്തില്‍ വര്‍ധനയുണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ഫ്രാഞ്ചൈസികളുടെ.
2008ല്‍ 111.6 മില്യണ്‍ ഡോളര്‍/450 കോടി രൂപയ്ക്കായിരുന്നു (അന്ന് ഡോളര്‍ റേറ്റ് 40) റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു രൂപീകൃതമായത്. മൂല്യത്തില്‍ 37 ഇരട്ടിയോളം വര്‍ധനയാണ് 18 വര്‍ഷംകൊണ്ട് ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഐപിഎല്‍ ചരിത്രത്തില്‍ ടീമുകളെ പൂര്‍ണമായി കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.
ഇക്കാലത്തിനിടെ ടീമുകളുടെ ഷെയറുകളുടെ കൈമാറ്റം നടന്നിട്ടുണ്ട്. 2018ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് അവരുടെ 50 ശതമാനം ഓഹരി വിറ്റഴിച്ചത് 84.5 മില്യണ്‍ ഡോളറിനായിരുന്നു. 2021ല്‍ ലക്നോ സൂപ്പര്‍ ജയന്റ്സ് 940 മില്യണ്‍ ഡോളറിനും ഗുജറാത്ത് ടൈറ്റന്‍സ് 750 മില്യണ്‍ ഡോളറിനുമായിരുന്നു ഐപിഎല്‍ പ്രവേശനം സ്വന്തമാക്കിയത്. 2025ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ 67 ശതമാനം ഓഹരി വിറ്റഴിച്ചത് 583 മില്യണ്‍ ഡോളറിനായിരുന്നു എന്നതും ചേര്‍ത്തുവായിച്ചാല്‍ മാത്രമേ ഐപിഎല്ലിന്റെയും അതിലെ ഫ്രാഞ്ചൈസികളുടെയും സാമ്പത്തിക വലുപ്പം മനസിലാകൂ.
► ഇത്രയും വില?
മൂന്നു തരത്തിലാണ് ഫ്രാഞ്ചൈസി/ക്ലബ്ബുകളുടെ മൂല്യം നിര്‍ണയിക്കപ്പെടുന്നത്. 1. വില്‍പ്പന മൂല്യം: അതായത് ഒരു ഫ്രാഞ്ചൈസിയെ/ക്ലബ്ബിനെ പൂര്‍ണമായി ഏറ്റെടുക്കാന്‍ നല്കുന്ന തുക. 2. വ്യവസായ മൂല്യം: ഒരു ഫ്രാഞ്ചൈസിയുടെ/ക്ലബ്ബിന്റെ ഭാവിയും വരുമാനവും സാമ്പത്തിക വരവുമെല്ലാം അനുസരിച്ചുള്ള മൂല്യം. 3. ബ്രാന്‍ഡ് മൂല്യം: ഒരു ക്ലബ്ബിന്റെ പ്രകടനം, ട്രാക്ക് റിക്കാർഡ്, സ്വീകാര്യത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള മൂല്യം.
► ആകെ ടീം മൂല്യം $ 18.5 ബില്യണ്‍
ഐപിഎല്ലില്‍ നിലവിലുള്ള 10 ടീമുകളുടെ ആകെ മൂല്യം 18.5 ബില്യണ്‍ ഡോളര്‍ (1,73,962 കോടി രൂപ) ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ എന്ന ബ്രാന്‍ഡിനു മാത്രം 3.9 ബില്യണ്‍ ഡോളര്‍ (36,690 കോടി രൂപ) വിലയുണ്ട്.
ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ളത് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനാണ് (2,530 കോടി രൂപ).
► ലോകത്തിലെ മറ്റു ടീമുകള്‍
ക്രിക്കറ്റിനു പുറത്തേക്കു വീക്ഷിച്ചാല്‍, 2022ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സി എഫ്സിയുടെ വില്‍പ്പന നടന്നത് 5.4 ബില്യണ്‍ ഡോളറിനായിരുന്നു (ഏകദേശം അന്നത്തെ 42,000 കോടി രൂപ). ഫുട്ബോള്‍ ക്ലബ്ബുകളുടെ വില്‍പ്പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക. 121 വര്‍ഷം പഴക്കമുള്ളതാണ് ചെല്‍സി എഫ്സി. 18 വര്‍ഷം മാത്രം പ്രായമുള്ള ഒരു ഐപിഎല്‍ ടീമിന് ലഭിച്ചത് 16,711 കോടി രൂപയായിരുന്നു എന്നതാണ് ഹൈലൈറ്റ്.
ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റം എന്‍ബിഎ (നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷന്) ക്ലബ്ബായ ലോസ് ആഞ്ചലസ് ലേക്കേഴ്സിനെ 10 ബില്യണ്‍ ഡോളറിനു (94,062 കോടി രൂപ) വിറ്റതാണ്.
► ടീമുകളുടെ ബ്രാന്‍ഡ് മൂല്യം (കോടി രൂപ)
Sports
മുംബൈ: നാളെ ആരംഭിക്കാനിരിക്കുന്ന 2025-26 സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സിയെ ഉള്‍പ്പെടുത്തേണ്ടെന്നു തീരുമാനമായി.
ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വെര്‍ച്വല്‍ മീറ്റിംഗിലാണ് ഇക്കാര്യം തീരുമാനമായത്. ഐഎസ്എല്‍ 2025-26 സീസണിലേക്കുള്ള ടീമുകളായെന്നും പുതിയൊരു ടീമിനെ ഉള്‍പ്പെടുത്തേണ്ടെന്നും യോഗത്തില്‍ ഐകകണ്ഠേ്യന തീരുമാനമായി.
ഐഎസ്എല്ലില്‍ 14 ക്ലബ്ബുകളില്‍ മുഹമ്മദന്‍ എസ്സി ഒഴികെയുള്ളവ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചില്ല. ഓട്ടോമാറ്റിക് പ്രമോഷന് അനുവദിക്കരുതെന്നായിരുന്നു ഏല്ലാവരുടെയും നിലപാട്.
2024-25 ഐ ലീഗ് സീസണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായിരുന്നു ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി. അതോടെ 2025-26 ഐഎസ്എല്‍ സീസണിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍, എഐഎഫ്എഫ് അപ്പീല്‍ കമ്മിറ്റി നാല് പോയിന്റ് വെട്ടിക്കുറച്ചതിനാല്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഇന്റര്‍ കാശി എഫ്സി കായിക തര്‍ക്കപരിഹാര കോടതിയില്‍നിന്ന് അനുകൂല തീരുമാനം നേടിയെടുത്തു. അതോടെ ഐ ലീഗ് ചാമ്പ്യന്മാരായി ഇന്റര്‍ കാശി ഐഎസ്എല്‍ ടിക്കറ്റ് സ്വന്തമാക്കി. ഇതോടെയാണ് ചര്‍ച്ചില്‍ ബ്രദേഴ്സിന് സ്ഥാനക്കയറ്റം നല്‍കണമെന്ന അഭിപ്രായം ഉയര്‍ന്നത്.
നാളെ കിക്കോഫ്
നീണ്ട കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച്, 2025-26 സീസണ് ഐഎസ്എല്ലിനു നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എല്‍ വമ്പന്മാരായ മോഹന്‍ ബഗാന് എസ്ജിയുമായി ഏറ്റുമുട്ടും. നാളെ വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും.
2025-26 സീസണ് ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
Kerala
മൂന്നാര്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്നതോടെ മൂന്നാര്‍ മഞ്ഞലയില്‍ മുങ്ങി. ഇതാദ്യമായി ഈ സീസണില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെയാണ് മൂന്നാര്‍ മഞ്ഞില്‍ കുളിച്ചത്. തണുപ്പ് ഒരു മൈനസ് ഒരി ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും മഞ്ഞുപുതച്ച നിലയിലായിരുന്നു.
ചെണ്ടുവര, നല്ലതണ്ണി, സൈലന്റ് വാലി, സെവന്‍മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒരു ഡിഗ്രിയില്‍ എത്തിയത്. മാട്ടുപ്പെട്ടി, സെവന്‍മല, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒരു ഡിഗ്രിയായിരുന്നു താപനില. ഇവിടെ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കൂടുതലാണ്. തണുപ്പ് കൂടിയതോടെ ധാരാളം വിനോദസഞ്ചാരികളും മൂന്നാറില്‍ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയതതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്.
കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ആ സമയത്ത് പകല്‍ നല്ല ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്‍ സമയത്തും നല്ല തണുപ്പുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി മഴ പെയ്തത് മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വരും നാളുകളിൽ തണുപ്പ് ഇനിയും ഏറുവാനാണ് സാധ്യത. തണുപ്പ് ആസ്വദിക്കുവാന്‍ അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
മൂന്നാര്‍: മഞ്ഞു പുതച്ചുമൂടി മൂന്നാര്‍. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്.
പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു.
അതേസമയം, മൂന്നാറിലെ ശൈത്യം വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. ഉത്തരേന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.