തൃപ്പൂണിത്തുറ: യുഡിഎഫിന്റെ മദ്യനയത്തിൽ വി.എം. സുധീരൻ നടത്തുന്ന പ്രസ്താവനകളിൽ പരോക്ഷ എതിർപ്പുമായി മുൻ എക്സൈസ് മന്ത്രി കെ.ബാബു. തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയിയുടെ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കെ.ബാബു മനസ് തുറന്നത്.
യുഡിഎഫിൽ മദ്യനയം ആവിഷ്കരിക്കാനും എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യാനും വലിയ പ്രയാസമാണ്. കാരണം ഓരോരുത്തർക്കും ഓരോ നയമുണ്ടാകും. എൽഡിഎഫ് ഭരണത്തിലെത്തിയപ്പോൾ ബാറുകളുടെ സമയം യുഡിഎഫ് വെട്ടിച്ചുരുക്കിയത്, അവർ പഴയ നിലയിലേക്ക് കൊണ്ടുവന്നു.
ബാർ ഹോട്ടലുകളെല്ലാം തുറന്നു. പുതിയ ബാർ ഹോട്ടലുകൾ വന്നു. എല്ലാം ചെയ്തിട്ടും എൽഡിഎഫിന് ഒരു അനക്കവും ഉണ്ടായില്ലല്ലോ. എൽഡിഎഫിന്റെ നയം നടപ്പാക്കുന്നതിന് എൽഡിഎഫ് ഗവൺമെന്റിനോ എക്സൈസ് മന്ത്രിക്കോ ഒരു പ്രയാസവുമുണ്ടാകില്ല.
പക്ഷേ യുഡിഎഫിൽ പ്രയാസമുണ്ട്. കാരണം യുഡിഎഫിൽ എല്ലാവർക്കും നയമുണ്ട്. ഞാൻ എക്സൈസ് മന്ത്രിയായിരിക്കുമ്പോഴും ചിലരെല്ലാം അവരവരുടേതായ നിലപാടുകളുമായി വന്നു.
അതിന്റെ ഒരാവർത്തനം ഇപ്പോൾ നടക്കുന്നുവെന്നതിൽ കവിഞ്ഞ് എനിക്ക് ഇതിൽ ഒരു അദ്ഭുതവുമില്ല. കാരണം ഇതു നേരത്തേ ഞാൻ കുറേ അനുഭവിച്ചതാണ്. ആ ആളുകളൊക്കെത്തന്നെ പലരുമാണ് ഇപ്പോഴും വന്നിട്ടുള്ളത്-കെ.ബാബു പറഞ്ഞു.