ലണ്ടൻ: ലോക ഫുട്ബോളിലെ റിക്കാർഡുകൾ ഓരോന്നായി തകർത്തു മുന്നേറുന്ന നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാളണ്ടിന്റെ അവിശ്വസനീയമായ കായികക്ഷമതയ്ക്ക് പിന്നിലെ രഹസ്യങ്ങൾ ചർച്ചയാകുന്നു. മൈതാനത്തെ ഹാളണ്ടിന്റെ കരുത്തിനും പിന്നിൽ അദ്ദേഹം കർശനമായി പിന്തുടരുന്ന സവിശേഷമായ ഭക്ഷണക്രമവും ശാസ്ത്രീയമായ ഉറക്ക ശീലങ്ങളുമാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഒരു സാധാരണ മനുഷ്യന് ആവശ്യമുള്ളതിന്റെ ഇരട്ടിയിലധികം ഊർജ്ജമാണ് ഈ നോർവീജിയൻ താരം പ്രതിദിനം ശരീരത്തിലെത്തിക്കുന്നത്. മത്സരങ്ങളിലും കഠിനമായ പരിശീലനങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ദിവസവും 6000 കലോറി വരെ അടങ്ങിയ ഭക്ഷണമാണ് ഹാളണ്ട് കഴിക്കുന്നത്.
പരമ്പരാഗതമായ ചിക്കനും പാസ്തയും കഴിക്കുന്നതിനേക്കാൾ, പശുവിന്റെയും പോത്തിന്റെയും ഹൃദയം, കരൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രത്യേക മാംസാഹാര രീതിയാണ് താരം പിന്തുടരുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, വിറ്റാമിൻ ബി എന്നിവ പേശികളുടെ കരുത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്ന ഹാളണ്ട്, പ്രത്യേകമായി ഫിൽട്ടർ ചെയ്ത ശുദ്ധമായ വെള്ളം മാത്രമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. ഭക്ഷണത്തിനൊപ്പം തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി ഹാളണ്ട് കാണുന്നത് മികച്ച ഉറക്കത്തെയാണ്. താരം ദിവസവും 11 മണിക്കൂർ ഉറങ്ങും.
ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ അത്യാധുനിക ശാസ്ത്രീയ മാർഗ്ഗങ്ങളാണ് താരം സ്വീകരിക്കുന്നത്. ഉറങ്ങാൻ പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ മൊബൈൽ, ടിവി എന്നിവയിൽ നിന്നുള്ള നീല വെളിച്ചം കണ്ണുകളിലേക്ക് അടിക്കാതിരിക്കാൻ 'ബ്ലൂ ലൈറ്റ് ബ്ലോക്കിംഗ്' കണ്ണടകൾ അദ്ദേഹം ധരിക്കുന്നു.
കൂടാതെ, ശരീരത്തിലെ മെലാടോണിൻ ഹോർമോണുകളുടെ ഉത്പാദനം തടസ്സപ്പെടാതിരിക്കാൻ ഉറങ്ങുന്ന മുറിയിലെ വൈഫൈ സംവിധാനങ്ങളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും ഓഫാക്കാറുമുണ്ട്.
പൂർണമായും ഇരുണ്ടതും തണുപ്പുള്ളതുമായ അന്തരീക്ഷത്തിലാണ് ഹാളണ്ട് ഉറങ്ങുന്നത്. തന്റെ ഉറക്കത്തിന്റെ ദൈർഘ്യവും ആഴവും കൃത്യമായി നിരീക്ഷിക്കാൻ 'ഔറ റിംഗ്' പോലുള്ള സ്മാർട്ട് ട്രാക്കിംഗ് ഉപകരണങ്ങളും താരം ഉപയോഗിക്കുന്നുണ്ട്.
കൃത്യമായ ഭക്ഷണവും ശാസ്ത്രീയമായ വിശ്രമവും സമന്വയിപ്പിച്ചുകൊണ്ടുള്ള ഹാളണ്ടിന്റെ
ഈ കഠിനമായ അച്ചടക്കം തന്നെയാണ് അദ്ദേഹത്തെ ആധുനിക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കറായി നിലനിർത്തുന്നത്.