ന്യൂഡൽഹി: ഇന്ത്യയുടെ ഒൻപത് അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനം ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കിൽ.
സിമന്റ്, വൈദ്യുതി, ഇരുന്പയിര് എന്നിവയുടെ ഉത്പാദനം ഉയർന്നതോടെയാണ് അടിസ്ഥാനവികസന മേഖലകളുടെ ഉത്പാദനവളർച്ച ജൂണിൽ അഞ്ച് മാസത്തെ ഉയർന്ന നിരക്കായ അഞ്ചു ശതമാനത്തിലെത്തിയത്. മുൻവർഷം ജൂണിൽ ഇത് 1.1 ശതമാനവും മുൻ മാസം മേയിൽ 3.2 ശതമാനവുമായിരുന്നു.
ഇന്നലെ പുറത്തുവിട്ട വിവരങ്ങൾ 2022-23നെ പുതിയ അടിസ്ഥാനവർഷമാക്കിയുള്ളതാണ്. മുൻപ് 2011-12 ആയിരുന്നു അടിസ്ഥാന വർഷം. കൂടാതെ, ഇൻഡക്സിലേക്ക് ഇരുന്പയിര് കൂടി ഉൾപ്പെടുത്തിയതോടെ അടിസ്ഥാന മേഖലകളുടെ എണ്ണം ഒൻപതായി ഉയർന്നു. മുന്‍പ് അസംസ്കൃത എണ്ണ, പെട്രോളിയം റിഫൈനറി, സിമന്റ്, വൈദ്യുതി, പ്രകൃതിവാതകം, വളം, ഫിനിഷ്ഡ് സ്റ്റീൽ, കൽക്കരി എന്ന് പ്രധാന എട്ട് പ്രധാന മേഖലകളുടെ പ്രകടനമാണ് സർക്കാർ പ്രതിമാസ അടിസ്ഥാനത്തിൽ വിലയിരുത്തിയത്.
വ്യവസായ, അടിസ്ഥാനസൗകര്യ വികസനത്തിന്റെ പ്രധാന സൂചകമായി കോർ സെക്ടർ സൂചിക ഉപയോഗിക്കുന്നതിനാൽ ഈ പരിഷ്കാരം വളരെ പ്രധാനപ്പെട്ടതാണ്. ഉത്പാദനത്തിന്റെ നിലവിലെ ഘടന കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കാൻ പുതിയ അടിസ്ഥാനവർഷം നിശ്ചയിച്ചിരിക്കുന്നത്. ഇരുന്പയിര് ഉൾപ്പെടുത്തിയത് സൂചികയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
ജൂണിലെ വളർച്ചയ്ക്കു കാരണം
- സിമന്റ്, വൈദ്യുതി: ഇവ രണ്ടിന്റെയും ഉത്പാദനം ജൂണിൽ 9.8% വീതം വർധിച്ചു.
- പുതുതായി ഉൾപ്പെടുത്തിയ ഇരുന്പയിര് ഉത്പാദനത്തിൽ 43.9% വർധനവുണ്ടായി.
- അസംസ്കൃത എണ്ണ, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങൾ, വളം എന്നിവയുടെ ഉത്പാദനത്തിലുണ്ടായ ഇടിവ് പരിഹരിക്കാൻ ഈ മേഖലകളിലെ വളർച്ച സഹായിച്ചു.
- മേയ് മാസത്തെ അപേക്ഷിച്ച് ജൂണിലുണ്ടായ ഈ മുന്നേറ്റം സാന്പത്തികവർഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ കൂടുതൽ കരുത്താർജിച്ച വേഗത്തെ സൂചിപ്പിക്കുന്നു.
ഏപ്രിൽ-ജൂണ്‍ പാദത്തിലെ പ്രകടനം
2026-27 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂണ്‍) ഈ പ്രധാന മേഖലകൾ 3.6 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഒരു ശതമാനം മാത്രമായിരുന്നു.
മുൻവർഷത്തെ അപേക്ഷിച്ച് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെയാണ് സാന്പത്തികവർഷം ആരംഭിച്ചിരിക്കുന്നത് എന്ന് ആദ്യ പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാലും വിവിധ മേഖലകളിലെ പ്രകടനം ഇപ്പോഴും അസമമായ രീതിയിലാണ് തുടരുന്നത്.