കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ഹോങ്കോംഗ് എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിന് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കുന്നതിന് സാവകാശം ചോദിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍. ഡെപ്പോസിറ്റ് തുകയായ 25 ലക്ഷം രൂപ മുഴുവനായും അടയ്ക്കാതെ സ്റ്റേഡിയം മത്സരത്തിനായി വിട്ടു തരില്ല എന്നാണ് ജിസിഡിഎയുടെ നിലപാട്.
നിലവില്‍ വാടക തുകയായി 3,54,000 രൂപ കെഎഫ്എ അടച്ചിട്ടുണ്ട്. മാര്‍ച്ച് 31ന് ആണ് മത്സരം നടക്കാനിരിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കാത്തതിനാല്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്താന്‍ ജിസിഡിഎ അനുവദിച്ചിരുന്നില്ല. വാര്‍ത്താ സമ്മേളനത്തിനായി എത്തിയ ഇന്ത്യന്‍ സംഘത്തെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് ആയിരുന്നു വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. കോച്ച് ഖാലിദ് ജമീലും ടീമിലെ മലയാളി താരങ്ങളും ദേശീയ ടീമിലെ അംഗങ്ങളുമായ ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുള്‍ സമദ്, ബിജോയ് വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയെങ്കിലും ഇത് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
കഴിഞ്ഞ മാസം കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വാര്‍ത്താ സമ്മേളനവും ജിസിഡിഎ തടഞ്ഞിരുന്നു. കോച്ചായിരുന്ന ഡേവിഡ് കറ്റാലയും ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ഗസും ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സ് സംഘത്തെയാണ് പത്രസമ്മേളനം നടക്കുന്ന മുറിയില്‍ നിന്നും ഇറക്കിവിട്ടത്. പണം അടച്ചില്ലെന്ന് പറഞ്ഞായിരുന്നു ജിസിഡിഎ പ്രവേശനം നിഷേധിച്ചത്.