പരവൂർ: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) നിയമങ്ങളിൽ വൻ പരിഷ്കാരവുമായി റിസർവ് ബാങ്കും കേന്ദ്ര സർക്കാരും
ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താൻ പോകുന്ന പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യുപിഐ ഇടപാടുകൾക്ക് ബയോമെട്രിക് പരിശോധനയും ഒടിപിയും നിർബന്ധമാക്കുന്നു. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ എല്ലാ യുപിഐ ആപ്പുകൾക്കും ഈ നിബന്ധന ബാധകമായിരിക്കും.
വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രണ്ട് തല സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്. നിലവിൽ പിൻ നമ്പർ മാത്രം ഉപയോഗിച്ച് നടത്തിയിരുന്ന ഇടപാടുകൾക്ക് ഇനി മുതൽ വിരലടയാളം പൊരുത്തപ്പെടുത്തുകയോ ഫോൺ വഴിയുള്ള ഫേസ് സ്കാനോ ആവശ്യമായി വരും.
ബയോമെട്രിക് പരിശോധന വിജയകരമായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഒടിപി ലഭിക്കും. ഈ ഒടിപിക്ക് 30 സെക്കൻഡ് മാത്രമേ കാലാവധി ഉണ്ടായിരിക്കുകയുള്ളൂ എന്നതിനാൽ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഇടപാട് പൂർത്തിയാക്കേണ്ടി വരും. സമയം കഴിഞ്ഞാൽ ഇടപാട് റദ്ദാക്കപ്പെടും.
തട്ടിപ്പുകാർ സ്മാർട്ട് ഫോണുകളിൽ വ്യാജ എപികെ ഫയലുകൾ ഉപയോഗിച്ച് നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പുതിയ പരിശോധനാ തലങ്ങൾ സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി അന്താരാഷ്ട്ര യുപിഐ ഇടപാടുകൾക്ക് പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം ഇടപാടുകളിൽ അയക്കുന്നയാളുടെയും സ്വീകർത്താവിന്റെയും തത്സമയ ലൊക്കേഷൻ സിസ്റ്റം സ്കാൻ ചെയ്യും. കൂടാതെ അധിക സുരക്ഷയ്ക്കായി കാപ്ച പൂരിപ്പിക്കൽ കൂടി അന്താരാഷ്ട്ര ഇടപാടുകളിൽ നിർബന്ധമാക്കും. പുതിയ മാറ്റങ്ങൾ പേയ്മെന്റ് പൂർത്തിയാക്കാൻ കൂടുതൽ സമയം എടുക്കുമെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരായ ശക്തമായ പ്രതിരോധമായി ഇത് മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.