മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ബിസിസിഐ ടീം ജേഴ്സി കൈമാറി. താരം ആദ്യമായി തനിക്ക് ലഭിച്ച സീനിയർ ടീം ജേഴ്സി ധരിക്കുന്ന വീഡിയോ ബിസിസിഐ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ടീമിന്റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റായ രഘുവാണ് വൈഭവിന് മൂന്നാം നമ്പർ ജേഴ്സി കൈമാറിയത്. തന്റെ പതിനഞ്ചാം വയസിലാണ് വൈഭവ് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം സാധ്യമാക്കിയിരിക്കുന്നത്. സീനിയർ ടീമിലേക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് സൂര്യവംശി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ ടീമിലേക്കെത്തിച്ചത്. ഇന്ത്യ - ഇംഗ്ലണ്ട്, ഇന്ത്യ - അയർലണ്ട് പര്യടങ്ങൾക്കുള്ള ടീമിലേക്കാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.