ന്യൂഡൽഹി: മമത ബാനർജിയെ ഞെട്ടിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് വിമത എംപിമാർ. പാർലമെന്റിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ലോക്സഭ സ്പീക്കറെ കാണുമെന്ന് റിപ്പോർട്ടുകളുണ്ട്.
ബിജെപിയുമായി സഹകരിച്ച് പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് എംപിമാരുടെ നീക്കം. ഭരണഘടന ബില്ലുകളിലടക്കം ബിജെപിക്ക് പിന്തുണ നല്‍കുമെന്നും സൂചനയുണ്ട്. ഇരുസഭകളിലുമായി 30 എംപിമാർ തങ്ങളുടെ പക്ഷത്തുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
പാർട്ടി നേതൃത്വവുമായി ദീർഘനാളായി നിലനിൽക്കുന്ന ഭിന്നതയാണ് ഇപ്പോൾ പരസ്യമായ പിളർപ്പിലേക്ക് വഴിമാറുന്നത്. അഭിഷേക് ബാനര്‍ജിയെ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി കൈക്കൊള്ളുന്ന വിപ്പുകളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും മാറി സ്വതന്ത്രമായ നിലപാട് സ്വീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.