ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) സംഘടിപ്പിക്കുന്ന "മന്ത്ര തീർഥയാത്ര 2026' ഈ മാസം 18ന് ആരംഭിക്കുന്നു. പത്ത് ദിവസം നീണ്ടുനിൽക്കുന്ന തീർഥയാത്രയിൽ അയോധ്യ, കാശി, പ്രയാഗ്രാജ് ഉൾപ്പെടെയുള്ള പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കും.
മന്ത്ര തീർഥയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും നേരത്തേ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടതോടെ കഴിഞ്ഞ മാസം തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ചിരുന്നു.
ഒരു ഹൈന്ദവ ആത്മീയ സംഘടന എന്ന നിലയിൽ സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾ സനാതന ധർമ്മ വിശ്വാസികളിലേക്കു എത്തിക്കുകയും അവയെ പ്രവർത്തിപഥത്തിലെത്തിക്കുകയും ചെയ്യുക എന്ന മന്ത്രയുടെ ദൗത്യത്തിന്റെ ഭാഗമായാണ് തീർഥയാത്ര സംഘടിപ്പിക്കുന്നത്.
ആത്മീയ വഴിയിൽ തീർഥയാത്രകൾ സംഘടിപ്പിക്കുക എന്നത് മന്ത്രയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുമാണ് എന്ന് പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പറഞ്ഞു. യാത്രയിലുടനീളം നാടൻ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിനായി പരിചയസമ്പന്നരായ പാചകക്കാർ ഉൾപ്പെടുന്ന പ്രത്യേക സംഘം യാത്രികർക്കൊപ്പം സഞ്ചരിക്കും.
തീർഥയാത്രയുടെ ആത്മീയതയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി പൂജാരിമാരും സംഘത്തോടൊപ്പം സഞ്ചരിക്കും. ക്ഷേത്രദർശനം, പൂജകൾ, ഗംഗാസ്നാനം, പ്രാർഥനകൾ, മറ്റ് ആചാരാനുഷ്ഠാനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ആത്മീയ മാർഗനിർദേശവും നേതൃത്വവും അവർ നൽകും.
അതുവഴി ഒരു സാധാരണ യാത്രയ്ക്കപ്പുറം സമഗ്രമായ ആത്മീയ അനുഭവമാണ് മന്ത്ര യാത്രികർക്കായി ഒരുക്കുന്നത്. ഈ വർഷത്തെ തീർഥയാത്രയ്ക്ക് ലഭിച്ച മികച്ച പ്രതികരണം, ഇത്തരം ആത്മീയ സംരംഭങ്ങൾ കൃത്യമായ ഇടവേളകളിൽ തുടർന്നും സംഘടിപ്പിക്കാനുള്ള ആത്മവിശ്വാസം മന്ത്രയ്ക്ക് നൽകിയിട്ടുണ്ട്.
വരും വർഷങ്ങളിലും വിവിധ പുണ്യകേന്ദ്രങ്ങളെ ഉൾപ്പെടുത്തി തീർഥയാത്രകൾ സംഘടിപ്പിച്ച് വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തെ ഭാരതത്തിന്റെ ആത്മീയ പൈതൃകവുമായി കൂടുതൽ ചേർത്തുനിർത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.
അതോടൊപ്പം, മന്ത്ര നടപ്പാക്കുന്ന ഓരോ ആത്മീയ, സാംസ്കാരിക, സാമൂഹിക സംരംഭവും Shaktheyam 2027-ന്റെ വിജയത്തിലേക്കുള്ള ഓരോ ചുവടുവയ്പ്പായാണ് നേതൃത്വം കാണുന്നത്.
സമൂഹത്തെ കൂടുതൽ ഒരുമിപ്പിച്ചും സംഘടനാപരമായും ആത്മീയമായും ശക്തിപ്പെടുത്തിയും 2027 ജൂലൈ രണ്ട് മുതൽ അഞ്ച് വരെ Connecticut-ലെ Stamford-ൽ നടക്കുന്ന Shaktheyam Convention വിജയകരമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായും ഇത്തരം പ്രവർത്തനങ്ങളെ മന്ത്ര കാണുന്നു.