രണ്ട് രാജാക്കന്മാർ അഞ്ചാം അധ്യായത്തിൽ മനോഹരമായ ചില ചരിത്രസംഭവങ്ങളുണ്ട്. അതിലൊന്ന് സിറിയ രാജാവിന്റെ സൈന്യാധിപനായ നാമാന്റെ കുഷ്ഠരോഗത്തിന്റെ സൗഖ്യമാണ്.
സിറിയ രാജാവിന്റെ ഏറ്റവും ബഹുമാന്യനായ സൈന്യാധിപനായിരുന്നു നാമാൻ. പക്ഷേ, അയാൾക്കു കുഷ്ഠം പിടിച്ചു. അക്കാലത്ത് കുഷ്ഠം ബാധിച്ചാൽ കൊട്ടാരത്തിൽ സ്ഥാനമില്ല. പക്ഷേ, രാജാവിനു നാമാനോടുള്ള താത്പര്യം മൂലം അയാളെ പുറത്താക്കിയില്ല. യുദ്ധത്തിൽ പിടിയിലായി വന്ന ഒരു ഇസ്രയേൽക്കാരി പരിചാരിക കൊട്ടാരത്തിലുണ്ടായിരുന്നു. അവർ നാമാന്റെ ഭാര്യയോടു പറഞ്ഞു: “യജമാനൻ ഞങ്ങളുടെ രാജ്യത്ത് എലീശാ എന്നു പറയുന്ന പ്രവാചകന്റെ അടുത്തു ചെന്നിരുന്നെങ്കിൽ അദ്ദേഹം പ്രാർഥിച്ചു സുഖപ്പെടുത്തുമായിരുന്നു”. നാമാൻ ഇതു കേട്ട് വിശ്വസിച്ചു. സിറിയ രാജാവ് നാമാന് കത്തു കൊടുത്തുവിട്ടു.
► ഭൃത്യർ പറയുന്നത്
അവിടെ ചെല്ലുന്പോൾ പ്രശ്നങ്ങൾ പലത്. സിറിയ രാജാവ് യുദ്ധത്തിനു കാരണമുണ്ടാക്കാൻ വിട്ടതാണോയെന്ന് ഇസ്രയേൽ രാജാവ് സംശയിച്ചു, ദേഷ്യപ്പെടുന്നു. അതറിഞ്ഞ് ഏലീശ നാമാനെ വിളിപ്പിക്കുന്നു. അങ്ങനെ നാമാൻ ഏലീശയുടെ പക്കലെത്തി. നാമാനോട് ജോർദാനിൽ പോയി ഏഴ് പ്രാവശ്യം കുളിക്കാൻ പറയുന്നു. എന്നാൽ, അതു കേട്ടിട്ട് നാമാനു ദേഷ്യമാണ് വരുന്നത്. സിറിയയിൽ നല്ല തെളിനീരുള്ള ജലാശയങ്ങളുണ്ട്. ജോർദാൻ നദിയിൽ എപ്പോഴും വെള്ളം കുറവായതിനാൽ വേനൽക്കാലത്ത് കലങ്ങിക്കിടക്കും. കളിയാക്കാനാണോ ഏലീശ പറയുന്നതെന്നു തോന്നിയ നാമാൻ ക്രൂദ്ധനായി മടങ്ങുന്നു. അപ്പോൾ നാമാന്റെ ഭൃത്യന്മാർ അവനൊരു കൗണ്സലിംഗ് കൊടുക്കുന്നു. ഇതിനേക്കാൾ വലിയ കാര്യങ്ങളാണ് രോഗം സുഖപ്പെടാൻ പ്രവാചകൻ പറഞ്ഞിരുന്നെങ്കിൽ അങ്ങു ചെയ്യുമായിരുന്നല്ലോ എന്നു ചോദിച്ചു. അപ്പോൾ നാമാനു ബോധോദയമുണ്ടായി. അവൻ പോയി ജോർദാനിൽ കുളിച്ച് രോഗമുക്തി നേടി. ഇതാണ് ചരിത്ര സംഭവം.
► ഈ കഥാപാത്രങ്ങൾ
പക്ഷേ, ഇവിടെ ധ്യാനിക്കേണ്ട കഥാപാത്രങ്ങൾ പലരുണ്ട്. പരിചാരികയാണ് ഇതിന്റെ പിന്നിലെ ഒരു ശക്തി. ക്രൂദ്ധനായി മടങ്ങിയ നാമാനെ തിരിച്ചു വിളിക്കുന്ന ഭൃത്യരാണ് മറ്റൊരു കൂട്ടർ. ദൈവത്തിന്റെ പ്രവൃത്തികൾ പലപ്പോഴും വെളിവാകുന്നത് എളിയ മനുഷ്യരിലൂടെയാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണ് (മത്തായി 18:10-11). ഈ എളിയവൻ നിലവിളിച്ചു, കർത്താവ് കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു(സങ്കീ 34:6).
നാമാന്റെ വിശ്വാസത്തെപോലും ഇസ്രായേലിന്റെ വിശ്വാസത്തിലേക്കു മാറ്റിയെടുക്കാൻ പ്രവർത്തിക്കുന്ന വലിയ പ്രേഷിതയാണ് ആ പരിചാരിക. അതുപോലെ ഏലീശ പ്രവാചകനിൽ ഭൃത്യന്മാർ നാമാനേക്കാൾ ശക്തമായി വിശ്വസിച്ചു. നാമാനേക്കാൾ വേഗത്തിൽ ഭൃത്യന്മാർക്ക് പ്രവാചകനെ വിശ്വസിക്കാൻ കഴിഞ്ഞു എന്നതു ശ്രദ്ധേയം. നമ്മുടെ വിശ്വാസം ലളിതമായിരിക്കാനും അത് ഒത്തുതീർപ്പിനു വിധേയമാകാതിരിക്കാനും നോന്പുകാലത്തു പ്രത്യേകം ശ്രദ്ധിക്കണം. നീ ആരാണെന്നുള്ളതല്ല, നിന്റെ വിശ്വാസം എന്താണെന്നുള്ളതാണ് ദൈവത്തിനു സ്വീകാര്യം.