കോട്ടയം: ഏറെ മാസങ്ങളിലെ ഇടവേളയ്ക്കുശേഷം റബര്‍വില വീണ്ടും മെച്ചപ്പെട്ടു. ആര്‍എസ്എസ്എസ് നാല് ഗ്രേഡിന് 200.50, ഗ്രേഡ് അഞ്ചിന് 195.50 എന്നതാണ് ഇന്നലെ റബര്‍ ബോര്‍ഡ് വില.
അതേസമയം 203 രൂപയ്ക്ക് വരെ ഇന്നലെ കോട്ടയത്ത് ഷീറ്റ് വ്യാപാരം നടന്നു. വരുംദിവസങ്ങളില്‍ വില 225 രൂപ വരെ ഉയരുമെന്നാണ് സൂചന. വേനലില്‍ ഉത്പാദനം കുറഞ്ഞ് ടാപ്പിംഗ് നിലച്ചതിനാല്‍ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്.
റബര്‍ തോട്ടങ്ങളില്‍ ഇല കൊഴിയുകയും ചൂട് വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഴ പെയ്യാതെ ഇനി ടാപ്പിംഗ് പുനരാരംഭിക്കില്ല. വിദേശവിലയും ഉയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വില കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ലാറ്റക്സ്, ഒട്ടുപാല് വിലയിലും വലിയ വര്‍ധനവുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്പാദനം കുറഞ്ഞതിനാല്‍ വ്യവസായികള്‍ കേരള മാര്‍ക്കറ്റില്‍നിന്നു പരമാവധി ഷീറ്റ് സംഭരിക്കുകയാണ്.
ബജറ്റില്‍ കോമ്പൗണ്ട് റബറിനുള്പ്പെടെ ഇറക്കുമതി തിരുവ വര്‍ധിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് വ്യവസായികള്‍ വന്‍തോതില്‍ ഷീറ്റ് വാങ്ങാനുള്ള താല്പര്യത്തിലാണ്. അമേരിക്കയും ചൈനയും ഒരാഴ്ചയായി വന്‍തോതില്‍ റബര്‍ വാങ്ങുന്നതിനാല്‍ റബറിനു വലിയ ഡിമാന്‍ഡുണ്ട്.
നിലവിലെ സാഹചര്യത്തില്‍ വ്യവസായ ആവശ്യങ്ങള്‍ക്ക് നാലര ലക്ഷം ടണ്‍ റബറിന്റെ കുറവാണ് ഇന്ത്യയിലുള്ളത്. ഇത് തിരുവ ഇളവില്‍ ഇറക്കുമതിക്ക് കേന്ദ്രം അനുവദിക്കണമെന്നാണ് ടയര്‍ കമ്പനികളുടെ ആവശ്യം. മാസം കാല്‍ലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍ നിസാര നികുതി അടച്ചും നികുതി രഹിതമായും ഇറക്കുമതി ചെയ്യുന്നതിനു പുറമെയാണ് വ്യവസായികളുടെ ഈ നിലപാട്.
കേരളത്തില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ ആര്‍എസ്എസ് നാല് ഗ്രേഡിന്റെ ശരാശരി വില 148 രൂപ മാത്രമാണ്. നിലവില്‍ ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 200 രൂപയ്ക്ക് മുകളിലാണ് ചെലവ്. റബര്‍ ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഫെബ്രുവരി മധ്യത്തോടെ റബര്‍ വില 230 രൂപ വരെ എത്തിയേക്കാമെന്നാണ് വാണിജ്യ വൃത്തങ്ങള്‍ നല്കുന്ന സൂചന.