ന്യൂഡൽഹി: ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ വെടിവയ്പ്പ്. ഇന്ത്യൻ കപ്പലിന് നേരെയും ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ വെടിവെച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഒമാൻ തീരത്തോട് ചേർന്ന് 25 നോട്ടിക്കൽ മൈൽ അകലെയും 20 നോട്ടിക്കൽ മൈൽ അകലെയും മൂന്ന് നോട്ടിക്കൽ മൈൽ അകലെയുമാണ് കപ്പലുകൾ ആക്രമിക്കപ്പെട്ടത്. ഒരു ക്രൂയിസ് കപ്പലിന് സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. ഒരു കണ്ടെയ്നർ കപ്പലിന് ആക്രമണത്തിൽ കണ്ടെയ്നറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമിക്കപ്പെട്ട മറ്റൊരു കപ്പൽ ഒരു ടാങ്കറാണ്. മൂന്ന് ആക്രമണങ്ങളാണ് യുകെ മാരിടൈം ഏജൻസി സ്ഥിരീകരിച്ചത്.
ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ തിരിച്ചുവിട്ടതായും റിപ്പോർട്ടുണ്ട്. 20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട സൂപ്പർ ടാങ്കറും ഇറാൻ തടഞ്ഞു. ഇറാനിലെ തുറമുഖങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം പൂർണ്ണ തോതിൽ തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികൾ വീണ്ടും വഷളാക്കിയത്. ഇതോടെ കടലിടുക്ക് തുറന്നു കൊടുക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. കപ്പൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശനിയാഴ്ച ആറോളം കപ്പലുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി.