പെരിന്തൽമണ്ണ: പരിയാപുരം പട്ടിക്കുന്ന് കൃഷിയിടത്തിൽ കർഷകനായ അസീസ് (55) മരിച്ചത് വൈദ്യുതവേലിയിൽ തട്ടി ഷോക്കേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. പട്ടിക്കുന്നിൽ അസീസ് പാട്ടത്തിന് കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിൽ പന്നിശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ തട്ടിയാണ് ഷോക്കേറ്റതെന്നാണ് നിഗമനം. ചൊവ്വാഴ്ച വൈകിട്ടാണ് കൃഷി സ്ഥലത്ത് കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അസീസ് ഏറെക്കാലമായി പാട്ടഭൂമിയിൽ കൃഷിചെയ്തു വരികയാണ്. പട്ടിക്കുന്ന് ഭാഗത്ത് കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു. ഇതു തടയാനാണ് വൈദ്യുതവേലി സംവിധാനം ഒരുക്കിയത്.
മൃതദേഹത്തിന്റെ ഇടതുകൈയിൽ ടോർച്ചും സമീപം വെട്ടുകത്തിയും കിടപ്പുണ്ടായിരുന്നു. മൃതദേഹം കിടന്നതിന് സമീപത്ത് പന്നിയുടെ ജഡവും കാണപ്പെട്ടു.
തോട്ടം നിരീക്ഷക്കാനെത്തിയ അസീസ് പന്നിയെ കണ്ട് ഓടിയപ്പോൾ വൈദ്യുതി വേലിയിൽ തട്ടി വീണതാണെന്നാണ് സംശയിക്കുന്നത്.
വിജനമായ പ്രദേശമായതിനാൽ അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞ് ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം ചൊവ്വാഴ്ച തന്നെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.