കട്ടപ്പന: നഗരത്തില്‍ ഇതരസംസ്ഥാനക്കാര്‍ നടത്തിവന്ന പാന്‍മസാല കടകള്‍ നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചു. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണും സംഘവുമാണ് പരിശോധന നടത്തിയത്. വില്പനകേന്ദ്രങ്ങളും പൊളിച്ചുനീക്കി. അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ടാറ്റൂ കേന്ദ്രങ്ങളും ഒഴിപ്പിച്ചു. ഇവരുടെ പക്കല്‍നിന്ന് പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.
ഞായറാഴ്ചകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന സ്ഥലങ്ങളില്‍ പാന്‍മസാല, പുകയില ഉത്പന്ന വില്പന വ്യാപകമാണ്. ഇതുസംബന്ധിച്ച പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന. കുന്തളംപാറ റോഡ്, മാര്‍ക്കറ്റ്, ഇടശേരി ജംഗ്ഷൻ, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ പ്രധാന ജംഗ്ഷനുകളിലാണ് പരിശോധന നടത്തി ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും മാടക്കടകള്‍ പൊളിച്ചുനീക്കുകയും ചെയ്തത്. വഴിയോരങ്ങളിലെ ടാറ്റൂ കേന്ദ്രങ്ങളും ഒഴിപ്പിച്ചു.
ഞായറാഴ്ചകളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാനക്കാരാണ് നഗരത്തിലെത്തുന്നത്. ഇവര്‍ ഗതാഗതം തടസപ്പെടുത്തി കൂട്ടംകൂടുന്നതും മദ്യലഹരിയില്‍ തമ്മിലടിക്കുന്നതും പതിവാണ്. പൊതു ഇടങ്ങള്‍ കൈയേറി അനധികൃത വ്യാപാരവും നടത്തുന്നുണ്ട്. ഇവരുടെ പക്കല്‍നിന്ന് കുട്ടികളും സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭാ ജീവനക്കാരായ ബിബിന്‍ തോമസ്, മനു, ബിജു മാത്യു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.