പാംപോർ: ശീതോഷ്ണ മേഖലയിലെ പട്ടുനൂൽ കൃഷിക്കും ഉൽപാദനത്തിനും ഗവേഷണ - സാങ്കേതിക പിന്തുണ നൽകുന്ന രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ജമ്മു കശ്മീരിലെ പാംപോർ സെൻട്രൽ സെറികൾച്ചർ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (CSR&TI). പട്ടുനൂൽപ്പുഴു വളർത്തൽ, മൾബറി കൃഷി, ജനിതക വിഭവസംരക്ഷണം, പുതിയ ഇനങ്ങളുടെ വികസനം, രോഗ - കീട നിയന്ത്രണം, കൊക്കൂൺ ഗുണനിലവാരം മെച്ചപ്പെടുത്തൽ തുടങ്ങി സെറികൾച്ചറിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവിടെ ഗവേഷണം നടക്കുന്നത്.
കേരളത്തിൽ നിന്നുള്ള മാധ്യമസംഘത്തിന്റെ പാംപോർ സന്ദർശനത്തിനിടെ നടന്ന സംവാദത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചത്. നിലവിൽ ലോകത്തെ രണ്ടാമത്തെ വലിയ അസംസ്കൃത പട്ടുനൂൽ ഉത്പാദക രാജ്യമാണ് ഇന്ത്യ. 2024-25ൽ രാജ്യത്തെ അസംസ്കൃത പട്ടുനൂൽ ഉത്പാദനം 41,121 മെട്രിക് ടണ്ണിലെത്തി. 2013-14ൽ ഇത് 26,480 ടണ്ണായിരുന്നു. ഉയർന്ന നിലവാരമുള്ള ബൈവോൾട്ടൈൻ പട്ടിന്റെ ഉത്പാദനവും വർധിച്ചുവരുന്നു. ഉത്പാദനത്തിന്റെ അളവിനൊപ്പം ഗുണനിലവാരവും ഉഥ്പാദനക്ഷമതയും ഉയർത്തുകയെന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി.
ശീതോഷ്ണ മേഖലയ്ക്ക് പ്രത്യേക ഗവേഷണം
ജമ്മു കശ്മീരിലെ ശീതോഷ്ണ കാലാവസ്ഥ പട്ടുനൂൽ മേഖലയ്ക്ക് സവിശേഷമായ സാധ്യതകളും വെല്ലുവിളികളും സൃഷ്ടിക്കുന്നതാണ്. ഈ സാഹചര്യത്തിന് അനുയോജ്യമായ പട്ടുനൂൽപ്പുഴു ഇനങ്ങളും മൾബറി ഇനങ്ങളും വികസിപ്പിക്കുന്നതിൽ പാംപോർ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സ്ഥാപനത്തിന്റെ വിവരമനുസരിച്ച് ശീതോഷ്ണ മേഖലയിലെ 111 പട്ടുനൂൽപ്പുഴു റേസുകളും 82 മൾബറി ജനിതക ശേഖരങ്ങളും സംരക്ഷിക്കുന്നുണ്ട്. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഉയർന്ന ഉത്പാദനശേഷിയുള്ള ഇനങ്ങളുടെ വികസനത്തിനും ഗവേഷണത്തിനും ഇവ ഉപയോഗിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ വികസിപ്പിക്കുന്നതിനും ഗവേഷണം പ്രാധാന്യം നൽകുന്നു.
മൾബറി കൃഷി മുതൽ റീലിംഗ് വരെ
പട്ടുനൂൽ ഉത്പാദനത്തിന്റെ അടിത്തറയായ മൾബറി കൃഷിയിൽ ഉത്പാദനക്ഷമത ഉയർത്തുന്നതിനുള്ള സാങ്കേതികവിദ്യകളും കൃഷിരീതികളും ഇവിടെ പഠിക്കുന്നു. മികച്ച നടീൽ വസ്തുക്കളുടെ ലഭ്യത, രോഗ–കീട നിയന്ത്രണം, പട്ടുനൂൽപ്പുഴുവിന്റെ ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കൊപ്പം കൊക്കൂൺ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാധാന്യമുണ്ട്.
കൊക്കൂണിൽനിന്ന് ഉയർന്ന നിലവാരമുള്ള നൂൽ ലഭിക്കുന്നതിനായി റീലിംഗ് മേഖലയിലെ യന്ത്രവത്കരണവും നിർണായകമാണ്. രാജ്യത്ത് സ്ഥാപിച്ച 109 ഓട്ടോമാറ്റിക് റീലിംഗ് മെഷീനുകൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള 3A, 4A ഗ്രേഡ് പട്ടുനൂൽ ഉത്പാദനം വർധിപ്പിക്കാൻ സഹായിച്ചതായാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
പാംപോറിന്റെ ദേശീയ സംഭാവന
രാജ്യത്തെ പ്രധാന മൾബറി പട്ടുനൂൽ ഉത്പാദക മേഖലകളിലൊന്നാണ് ജമ്മു കശ്മീർ. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവയ്ക്കൊപ്പം ജമ്മു കശ്മീരും രാജ്യത്തെ പ്രധാന മൾബറി സെറികൾച്ചർ കേന്ദ്രങ്ങളിലൊന്നാണ്. ഈ വിപുലമായ ഉത്പാദനശൃംഖലയിൽ പാംപോറിന്റെ പ്രധാന സംഭാവന നേരിട്ടുള്ള ഉത്പാദനത്തേക്കാൾ ഗവേഷണം, സാങ്കേതികവിദ്യ, ജനിതക വിഭവസംരക്ഷണം, പരിശീലനം, സാങ്കേതിക കൈമാറ്റം എന്നിവയിലൂടെയാണ്.
ശീതോഷ്ണ മേഖലയിൽ വികസിപ്പിക്കുന്ന സാങ്കേതികവിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിനും സ്ഥാപനം പ്രത്യേക ശ്രദ്ധനൽകുന്നു. പരിശീലന പരിപാടികൾ, ഫീൽഡ് തലത്തിലുള്ള സാങ്കേതിക ഇടപെടലുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമാണ്.
ചൈനയെ മറികടക്കാമെന്ന് പ്രതീക്ഷ
ഈ ഗവേഷണ-സാങ്കേതിക മുന്നേറ്റങ്ങൾ ഫലപ്രദമായി കർഷകരിലെത്തിക്കുകയും ഉത്പാദനക്ഷമത ഉയർത്തുകയും ചെയ്താൽ ഇന്ത്യയ്ക്ക് ആഗോള പട്ടുനൂൽ ഉത്പാദനത്തിൽ കൂടുതൽ മുന്നേറാനാകുമെന്ന് CSR&TI പാംപോറിലെ Scientist-D ഡോ. ഇർഫാൻ ഇലാഹി പറഞ്ഞു.
ചൈനയുടെ മുന്നേറ്റത്തിന് യന്ത്രവത്കരണം, കർഷക ക്ലസ്റ്ററുകൾ, ഉയർന്ന ഉത്പാദനക്ഷമത, ഗുണനിലവാരത്തിലെ ഏകീകരണം എന്നിവ പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയും ഈ മേഖലകളിൽ കൂടുതൽ മുന്നേറ്റം സാധ്യമാക്കിയാൽ വരുംവർഷങ്ങളിൽ പട്ടുനൂൽ ഉത്പാദനത്തിൽ ചൈനയെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ഇതിനായി ഉത്പാദനത്തിന്റെ അളവ് വർധിപ്പിക്കുന്നതിനു പുറമെ ഉയർന്ന നിലവാരമുള്ള പട്ടുനൂൽ, ആധുനിക റീലിംഗ് സാങ്കേതികവിദ്യ, ശാസ്ത്രീയമായ കൃഷിരീതികൾ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള ഇനങ്ങൾ എന്നിവയിലേക്കാണ് കൂടുതൽ ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.