തിരുവനന്തപുരം: കൂടിയാലോചനങ്ങളില്ലാത്തതിന്റെ പേരിൽ കോൺഗ്രസിൽ വീണ്ടും അതൃപ്തി പുകയുന്നു. ഒരു കാര്യവും ആലോചിക്കുന്നില്ലെന്നാണ് യുഡിഎഫ് കൺവീനർ അടൂർപ്രകാശ് ഇരിടവേളയ്ക്കുശേഷം വീണ്ടും തുറന്നടിക്കുന്നത്. സര്‍ക്കാരിലും മന്ത്രിസഭയിലും നിലനില്‍ക്കുന്ന ആഭ്യന്തര തര്‍ക്കങ്ങളെക്കുറിച്ചും കൂട്ടുത്തരവാദിത്തമില്ലായ്മയെക്കുറിച്ചും അതിരൂക്ഷമായ ഭാഷയിലാണ് യുഡിഎഫ് കൺവീനർ കൂടിയായ അടൂർ പ്രകാശ് എംപി പ്രതികരിക്കുന്നത്.
യുഡിഎഫ് കൺവീനർ ഉയർത്തുന്ന അമര്‍ഷം പാര്‍ട്ടിയിലെയും മുന്നണിയിലെയും മറ്റു മുതിര്‍ന്ന നേതാക്കളുടെ കൂടി പിന്തുണയോടെയാണോ പുറത്തുവരുന്നത് എന്ന സംശയവും ബലപ്പെടുന്നുണ്ട്.
വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പോലും അതൃപ്തി തുറന്നുപറയുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ നീങ്ങുന്നു. ജിഎൻഎ കരാർ റദ്ദാക്കിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നാണ് വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടെങ്കിലും ഇതുവരെ ആഭ്യന്തരകലഹത്തിലേക്കു നീങ്ങിയിട്ടില്ല.
യുഡിഎഫ് മുന്നണി യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നാണ് അടൂർ പ്രകാശ് കുറ്റപ്പെടുത്തുന്നത്. യോഗം ചേരാത്തതിന്റെ കാരണം എന്താണെന്ന് യുഡിഎഫ് ചെയർമാൻകൂടിയായ മുഖ്യമന്ത്രിയോടുതന്നെ ചോദിക്കണമെന്നു അദ്ദേഹം മാധ്യമങ്ങളോട് പറയുന്നതിനു പിന്നിലുള്ളതും കൂടിയാലോചനയില്ലെന്ന തന്നെയാണ്. മാധ്യമങ്ങളിലൂടെയാണ് പല പ്രധാന തീരുമാനങ്ങളും താൻ അറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മുഖ്യമന്ത്രിക്കെതിരേയുള്ള ഒളിയന്പാണ്.
മുന്നണിയെയോ ഘടകകക്ഷികളെയോ സ്വന്തം പാര്‍ട്ടിയെയോ കൃത്യമായി അറിയിക്കാതെയാണ് മുഖ്യമന്ത്രി പല സുപ്രധാന തീരുമാനങ്ങളും ഏകപക്ഷീയമായി കൈക്കൊള്ളുന്നതെന്ന നേരത്തേയുള്ള അടൂർ പ്രകാശിന്റെ പ്രതികരണത്തിനു ഫലം കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് വീണ്ടും ആരോപണം ആവർത്തിക്കുന്നത്. തനിക്കെതിരേയും സര്‍ക്കാരിനെതിരേയും മുന്നണിക്കുള്ളില്‍ നിന്നും പുറത്തുനിന്നും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും വ്യക്തമായ മറുപടി നല്കാന് മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
യുഡിഎഫ് യോഗം വിളിക്കണമെന്ന് ഘടകകക്ഷികൾക്കും ആഗ്രഹമുണ്ട്. ചെയർമാൻകൂടിയായ മുഖ്യമന്ത്രി ഇടപെടാത്തതുകൊണ്ടു യോഗം വിളിക്കുന്നില്ലെന്ന ധ്വാനിയാണ് ഉയരുന്നത്. കോർപറേഷൻ, ബോർഡ് ചെയർമാന്മാരുടെയും അംഗങ്ങളുടെയും വീതം വയ്പുപോലും ഇതുവരെ പൂർത്തിയായിട്ടില്ല. യുഡിഎഫ് സർക്കാർഅധികാരം ഏറ്റെടുത്തശേഷം അഞ്ചുമാസം കഴിഞ്ഞിട്ടും ഒരു യോഗം വിളിച്ച് ഒന്നിച്ചിരുന്നു ചർച്ച ചെയ്യാൻ സാധിക്കാത്തതിലാണ് മുന്നണിക്കുള്ളിൽ അമർഷം പുകയുന്നത്.
പല ഘടകകക്ഷി നേതാക്കൾക്കും വാഗ്ദാനം ചെയ്തിരിക്കുന്ന കാബിനറ്റ് റാങ്കോടുകൂടിയായ പദവികളിൽ പോലും തീരുമാനമാകാതെ മുന്നോട്ടു പോകുകയാണ്.
കോൺഗ്രസിനുള്ളിൽ നിരവധി സീനിയർ നേതാക്കൾ പദവികൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ എൽഡിഎഫിന്റെ ചെയർമാന്മാരും അംഗങ്ങളും ഭരിക്കുന്നതു കണ്ടിരിക്കേണ്ട അവസ്ഥയിലാണ് യുഡിഎഫ് നേതാക്കൾ.
അതേസമയം, യുഡിഎഫ് കൺവീനറുടെ നടപടിക്കെതിരേയും വിമർശനം ഉയരുന്നുണ്ട്. പ്രതിപക്ഷത്തിന് അടിക്കൊരു വടി ഇട്ടുകൊടുക്കാൻ മാത്രമേ ഇത് ഉപകരിക്കൂവെന്നാണ് ഒരുവിഭാഗം നേതാക്കൾ പറയുന്നത്. യുഡിഎഫിൽ കലഹമെന്ന ധ്വനി സൃഷ്ടിക്കാൻ മാത്രമേ ഇത്തരം പ്രതികരണത്തിനു സാധിക്കുകയുള്ളൂവെന്നാണ് ഇവരുടെ അഭിപ്രായം.