ന്യൂഡൽഹി: സാങ്കേതികവിദ്യ കൈമാറുന്നതിൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റികൾ എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായുള്ള 2 ശതകോടി ഡോളറിന്റെ (ഏകദേശം ₹16,600 കോടി) ലയന കരാറിൽ നിന്ന് എഐ സ്റ്റാർട്ടപ്പായ 'മാനുസ്' പിന്മാറുന്നു.
ചൈനീസ് സർക്കാരിന്റെ നിർദ്ദേശപ്രകാരം കരാർ റദ്ദാക്കിയതോടെ മാനുസ് എഐ വീണ്ടും സ്വതന്ത്ര കമ്പനിയായി പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും, ചൈനയിലാണ് മാനുസ് എഐയുടെ തുടക്കം.
അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന സാങ്കേതിക തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, ചൈനയിൽ തുടക്കമിട്ട എഐ സാങ്കേതികവിദ്യ ഒരു യുഎസ് കമ്പനിക്ക് കൈമാറുന്നതിലുള്ള ആശങ്ക മുൻനിർത്തിയാണ് ചൈനീസ് അധികൃതർ ഇടപെട്ട് ലയന കരാർ റദ്ദാക്കിച്ചത്.
മെറ്റ ലയനം പ്രഖ്യാപിച്ച 2025 ഡിസംബർ 29ന് ശേഷമുള്ള ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ വേർപിരിയലിന്റെ ഭാഗമായി സിസ്റ്റത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യും. സിംഗപ്പൂർ സമയം ഓഗസ്റ്റ് 23, 24 തീയതികളിലാണ് ഈ ഡാറ്റ നീക്കം ചെയ്യുന്നത്.
ബാധിക്കപ്പെടുന്ന ഉപയോക്താക്കൾ ഓഗസ്റ്റ് 23 രാവിലെ 7:59ന് മുൻപായി തങ്ങളുടെ ഡാറ്റ ബാക്കപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 25 രാവിലെ 8 മുതൽ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാനും ഡാറ്റ റീസ്റ്റോർ ചെയ്യാനും സാധിക്കും.
ഡിസംബർ 29ന് മുൻപുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. അവർക്ക് സാധാരണ പോലെ ആപ്പ് ഉപയോഗിക്കാം. ആപ്പിൾ ഐഡി അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തവർ ഇമെയിൽ വിലാസങ്ങൾ ഇല്ലാത്തതിനാൽ ഇൻ-ആപ്പ് നോട്ടിഫിക്കേഷനുകൾ പരിശോധിക്കണമെന്ന് കമ്പനി അറിയിച്ചു. ഈ തടസ്സം ഒരു സെക്യൂരിറ്റി വീഴ്ചയോ ഡാറ്റാ ചോർച്ചയോ അല്ലെന്നും റെഗുലേറ്ററി നിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമാണെന്നും മാനുസ് എഐ വ്യക്തമാക്കുന്നു.