ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ സിയുഇടി പരീക്ഷയിലും പാളിച്ചകളുണ്ടായതോടെ ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎയ്ക്കെതിരേ വീണ്ടും പ്രതിഷേധം ശക്തമായി.
"വിശ്വഗുരു’വെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും രാജ്യത്തെ ഒരു പരീക്ഷപോലും നടത്താൻ കഴിയുന്നില്ലെന്നും മുഴുവൻ വിദ്യാഭ്യാസസന്പ്രദായത്തെയും മോദി പൂർണമായി നശിപ്പിച്ചെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറ്റപ്പെടുത്തി. നിങ്ങൾ ഭാവി നശിപ്പിക്കുന്ന അതേ തലമുറതന്നെ നിങ്ങളെ ഉത്തരവാദിയാക്കുമെന്നും രാഹുൽ പറഞ്ഞു.
ദേശീയ പരീക്ഷാ ഏജൻസിക്കെതിരേ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. സാങ്കേതിക തകരാർ മൂലം മൂന്ന്-നാല് മണിക്കൂർ വിദ്യാർഥികൾ കനത്ത വെയിലിൽ കാത്തിരിക്കാൻ നിർബന്ധിതരായെന്നാണ് സമൂഹമാധ്യമങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തുന്നത്.