ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാൾ ജില്ലയിൽ ഗുലാർ ബസാറിന് സമീപം നിയന്ത്രണം വിട്ട യാത്രാബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. അപകടത്തിൽ 20-ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
അപകടസമയത്ത് 35-ഓളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം റോഡിൽ നിന്ന് തെന്നിമാറി നൂറടി താഴെയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടസ്ഥലത്ത് തെഹ്രി ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ഡേൽവാൾ, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ശ്വേത ചൗബേ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആശയങ്കയുണ്ട്.