കോട്ടയം: 10 വർഷം മുൻപ് തൂൺ നാട്ടിയ കോട്ടയം നഗരത്തിലെ ആകാശപാത പദ്ധതി യുഡിഎഫ് അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. ഗാന്ധിമണ്ഡപം എന്ന പേരിൽ രണ്ട് നിലകളിലായി നിർമിക്കുന്ന ആകാശപാതയുടെ മുകളിൽ വ്യൂ പോയിന്റ് അടക്കം സ്ഥാപിച്ച് പദ്ധതി പുതിയ രൂപത്തിലാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആകാശപ്പാത നടപ്പാക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് കൊടുക്കണമെന്ന നിർബന്ധ ബുദ്ധിയാണ് നിലവിൽ നിർമാണം വൈകാൻ കാരണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എം. മാണി പ്രഖ്യാപിച്ച പദ്ധതിയാണ് കഴിഞ്ഞ 10 വർഷമായി മുടങ്ങിക്കിടക്കുന്നത്. ഇതിനെതിരേ ഇടത്-വലത് മുന്നണികൾ പരസ്പരം പഴിചാരി നിരവധി ആരോപണപ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പദ്ധതി മുടങ്ങിക്കടക്കുന്നത് എംഎൽഎയുടെ കുറ്റം കൊണ്ടാണെന്നാണ് എൽഡിഎഫിന്റെ വാദം. പദ്ധതിക്ക് തുരങ്കം വച്ച് 10 വർഷം ഭരിച്ച ഇടത് സർക്കാരുകളാണെന്ന് തിരുവഞ്ചൂരും ആരോപിക്കുന്നു.