തിരുവല്ല: മഹാപ്രളയത്തിൽ തിരുവല്ല താലൂക്കിനെ ചേർത്തുപിടിച്ച് തഹസിൽദാർ ജോബിൻ കെ. ജോർജ്. പമ്പ, മണിമല നദികൾ കരകവിഞ്ഞ് കിഴക്കൻ മഴവെള്ളം തിരുവല്ല താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടപ്പോൾ കർത്തവ്യബോധമുള്ള ഉദ്യോഗസ്ഥനായി തഹസിൽദാർ ജോബിൻ കെ. ജോർജ് നേതൃരംഗത്തായിരുന്നു.
കഴിഞ്ഞ പത്തുദിനങ്ങൾ അനിഷ്ട സംഭവങ്ങളോ ജീവഹാനിയോ ഉണ്ടാകാതെ പ്രളയബാധിത മേഖലകളിൽ സഹായമെത്തിച്ചത് തഹസിൽദാരാണ്. റാന്നി ടൗണിൽ വെള്ളം കയറിയെന്ന് അറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹം റവന്യു, പോലീസ്, അഗ്നിസുരക്ഷാസേന മറ്റു സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് മുൻകരുതൽ സ്വീകരിച്ചു.
അപ്പർ കുട്ടനാടൻ മേഖല ഉൾപ്പെടുന്ന താലൂക്കിൽ ഇത്തവണ നൂറിലേറെ ദുരിതാശ്വാസ ക്യാമ്പുകളാണ് ആയിരക്കണക്കിന് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
രണ്ട് ആഴ്ചകൾക്ക് മുൻപ് ഔദ്യോഗിക വാഹനം ജപ്തി ചെയ്തതിനെത്തുടർന്ന് തന്റെ സ്വന്തം വാഹനത്തിലും മറ്റുള്ളവരുടെ വാഹനങ്ങൾ തരപ്പെടുത്തിയും വിവിധ ക്യാമ്പുകളിൽ അവർക്ക് താങ്ങും തണലുമായി വേണ്ട നിർദേശങ്ങളുമായി തഹസിൽദാരാണ് അക്ഷീണ പരിശ്രമം നടത്തിയത്.
വെള്ളം കയറി ചെറിയ വാഹങ്ങൾ കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുള്ള പടിഞ്ഞാറൻ പ്രദേശങ്ങളിലെ ക്യാമ്പുകളിൽ ടോറസ് ലോറികളിലും ചെറുവള്ളങ്ങളിലുമായി കുടിവെള്ളവും ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും ജോബിൻ ജോർജിന്റെ നേതൃത്വത്തിൽ എത്തിക്കാൻ കഴിഞ്ഞതും ഏറെ അനുഗ്രഹമായി.
2018ലെ മഹാപ്രളയകാലത്ത് ചെങ്ങന്നൂർ ഡെപ്യൂട്ടി തഹസിൽദാരായിരുന്ന ജോബിന് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അനുഭവ പരിചയവും തുണയായി. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹം 2025 ജൂലൈയിലാണ് തഹസിൽദാരായി തിരുവല്ലയിൽ നിയമിതനായത്.