ശബരിമല: മണ്ഡലകാല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ തിരക്ക് വര്‍ധിച്ചെങ്കിലും എല്ലാവര്ക്കും സുഖദര്‍ശനം സാധ്യമാകുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡും പൊലിസും കൂടുതല്‍ ഏകോപനത്തോടെ നടത്തിയ ക്രമീകരണങ്ങളാണ് ഇതിനു സഹായകരമായത്.
തിരക്കു വര്‍ധിച്ചപ്പോഴും ദിവസവും കന്നിഅയ്യപ്പന്മാര്ക്കും മാളികപ്പുറങ്ങള്‍ക്കും ഉള്‍പ്പടെ സുഖകരമായ അയ്യപ്പദര്‍ശനം സാധ്യമായി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് 5000 എണ്ണംകൂടി വര്‍ധിപ്പിച്ചതോടെ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകും. ദര്‍ശനത്തിനു യാതൊരു ബുദ്ധിമുട്ടും ഭക്തര്‍ക്ക് ഉണ്ടാകാത്ത വിധം ക്രമീകരണങ്ങള്‍ സജ്ജമാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പരമ്പരാഗത കാനനപാതകള്‍ വഴി ശബരിമലയിലേക്ക് എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചു. വണ്ടിപ്പെരിയാര്‍, പുല്ലുമേട്, സത്രം പാതയില്‍ ഭക്തരുടെ തിരക്ക് ഏറെയാണ്. ദൂരക്കൂടുതലെങ്കിലും സന്നിധാനത്തേക്കുള്ള കയറ്റം ഒഴിവാക്കാനായി പ്രായമായവരടക്കം സത്രം പാത ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, സത്രം പാതയിലെ യാത്രയ്ക്കു സമയനിയന്ത്രണമുണ്ട്. വൈകുന്നേരം ആറിനു മുമ്പ് ശബരിമലയില്‍ എത്താന്‍ കഴിയുന്ന വിധത്തിലാണ് സമയക്രമീകരണം. പാതയില്‍ വനപാലകരുടെ സാന്നിധ്യവുമുണ്ട്. അഴുത, കരിമല, ചെറിയാനവട്ടം വഴിയുള്ള പരമ്പരാഗത പാതയിലും അയ്യപ്പഭക്തരുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്.
ശരണപാതയില്‍ ചുക്കുവെള്ളവും ബിസ്കറ്റും
ശബരിമല ദര്‍ശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാര്ക്ക് തളര്‍ച്ച അകറ്റാന്‍ ചുക്കുവെള്ളവും ബിസ്കറ്റും ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ വിതരണം ചെയ്തു. പതിനെട്ടാംപടിക്കു താഴെ നടപ്പന്തലില്‍ ഇതിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഈ ലഘുഭക്ഷണം ഭക്തര്‍ക്ക് ഏറെ ഉപയോഗപ്രദമാണ്.
നിലവില്‍ 10 ലക്ഷം ബിസ്കറ്റ് പായ്ക്കറ്റുകള്‍ ഇതിനായി ദേവസ്വം ബോര്‍ഡ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഭക്തരുടെ തിരക്കു വര്‍ധിക്കുന്നതിനനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ബിസ്കറ്റ് എത്തിക്കാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ ശുദ്ധീകരിച്ച ഔഷധ കുടിവെള്ളവും ഉറപ്പാക്കിയിട്ടുണ്ട്.