തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനം സംസ്ഥാനത്തെ സവിശേഷദുരന്തമായി പ്രഖ്യാപിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭായോഗത്തിൽ ഓണ്‍ലൈനായി പങ്കെടുത്തശേഷം തൃശൂർ കളക്ടറേറ്റിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. അടിയന്തരസഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് 50 ലക്ഷം രൂപ ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ടുണ്ട്.
മരിച്ചവരുടെ ആശ്രിതർക്കു സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽനിന്ന് നാലുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 10 ലക്ഷം രൂപയും അടക്കം 14 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്കു ദുരന്തപ്രതികരണ നിധിപ്രകാരം അനുവദനീയമായ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പ്രത്യേക സഹായമായി രണ്ടുലക്ഷം രൂപയും നൽകും.
പരിക്കേറ്റവർക്ക് ആറുമാസത്തേക്കുള്ള സർക്കാർ-സ്വകാര്യ ആശുപത്രിയിലെ ചികിത്സയുടെ പൂർണ ചെലവ് സംസ്ഥാനസർക്കാർ വഹിക്കും. ആവശ്യമായ തുക ജില്ലാ കളക്ടർക്ക് അനുവദിക്കും. ആറുമാസത്തിലധികം ചികിത്സ വേണ്ടിവരികയാണെങ്കിൽ പൂർണമായ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു നൽകും.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മറ്റുമായി പ്രദേശത്തെ മതിലുകൾ പൊളിക്കുകയും വയൽ നികത്തുകയും ചെയ്തിട്ടുണ്ട്. അതു പൂർവസ്ഥിതിയിലാക്കാൻ ചെലവാകുന്ന തുക ജില്ലാ കളക്ടർ നൽകുന്ന പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഏതെങ്കിലുംവിധത്തിലുള്ള നാശനഷ്ടം കെട്ടിടത്തിന് ഉണ്ടായിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിനായി അതിന്റെ തോത് കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്കു നിർദേശം നൽകി.