തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച പരാതികൾ പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുന്നു. കെഎസ്ആർടിസി നടപ്പിലാക്കിയ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ അടിയന്തര തീരുമാനം. മന്ത്രി സി.പി.ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമിതി രൂപീകരണത്തിന് ധാരണയായത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് സർവീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളെയും ഇതിനെ ആശ്രയിച്ച് കഴിയുന്ന മുപ്പതിനായിരത്തിലധികം ജീവനക്കാരെയും ഇത് നേരിട്ട് ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം 6,000 മുതൽ 7,000 രൂപ വരെ ലഭിച്ചിരുന്ന കളക്ഷൻ പുതിയ പദ്ധതി വന്നതോടെ നേർപകുതിയായി കുറഞ്ഞു.
സ്വകാര്യ ബസ് മേഖല തകർച്ചയുടെ വക്കിലാണെന്നും, മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് ബസുടമകൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സമിതിയെ നിയോഗിച്ച് പ്രശ്നത്തിന് പ്രായോഗിക പരിഹാരം കാണാൻ സർക്കാർ ഒരുങ്ങുന്നത്.