ന്യൂഡൽഹി: വൺപ്ലസിന്റെ ജനപ്രിയ എൻ സീരീസ് വിപുലീകരിച്ചുകൊണ്ട് പുതിയ'വൺപ്ലസ് N6x' സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ വൺപ്ലസ് N6ന് പിന്നാലെയാണ് ഈ പുതിയ ബജറ്റ് സൗഹൃദ ഫോണിന്റെ വരവ്.
ഭീമൻ ബാറ്ററി, കരുത്തുറ്റ മീഡിയടെക് പ്രൊസസ്സർ, മികച്ച ഡ്യൂറബിലിറ്റി എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. മീഡിയടെക് ഡിമൻസിറ്റി 6360 അപെക്സ് ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോൺ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻ ഒഎസ് 16ലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
120Hz റിഫ്രഷ് റേറ്റും 900 നിറ്റ്സ് ബ്രൈറ്റ്നസ്സുമുള്ള 6.8 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 4ജീബി റാമും 128ജീബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിൽ ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനുമായി വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.
13 മെഗാപിക്സൽ പ്രധാന ക്യാമറയും 5 മെഗാപിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്. ഒറ്റ ചാർജിൽ 2.5 ദിവസം വരെ നിലനിൽക്കുന്ന 7,000mAh ബാറ്ററിയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ആ ആകർഷണം. 6 വർഷത്തെ ഉപയോഗത്തിന് ശേഷവും 80 ശതമാനത്തിലധികം ആയുസ് നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും IP64 ഡസ്റ്റ് & സ്പ്ലാഷ് റെസിസ്റ്റൻസും ഫോണിന് സുരക്ഷ നൽകുന്നു. 4ജീബി റാം + 64ജീബി സ്റ്റോറേജ് പതിപ്പിന് 18,999 രൂപയും 4 ജീബി റാം + 128ജീബി പതിപ്പിന് 20,999 രൂപയുമാണ് വില.
ബർഗണ്ടി റെഡ്, ഐസ് ബ്ലൂ എന്നീ ആകർഷകമായ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ ഓപ്പൺ സെയിൽ ആഗസ്റ്റ് 4 മുതൽ ആമസോൺ, വൺപ്ലസ് വെബ്സൈറ്റ്, റീട്ടെയിൽ സ്റ്റോറുകൾ വഴി ആരംഭിക്കും. ബാങ്ക് കാർഡുകൾക്ക് 1,500 രൂപ വരെയുള്ള തൽക്ഷണ ഡിസ്കൗണ്ടും ലഭ്യമാണ്.