മട്ടാഞ്ചേരി: ഡ്രൈവിംഗ് ലൈസൻസില്ലാതെ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ച മൂന്നു യുവാക്കൾക്കെതിരെ പള്ളുരുത്തി, തോപ്പുംപടി പൊലിസ് കേസെടുത്തു.
ഇന്നലെ പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
പള്ളുരുത്തി കുമ്പളങ്ങിവഴി ജംഗ്ഷന് സമീപം പുലർച്ചെ 12.20നായിരുന്നു ആദ്യ സംഭവം. ബൈക്ക് അപകടകരമായി ഓടിച്ച പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി എൻ.എസ്. മുഹമ്മദ് സമ്റൂദിന് (19) ലൈസൻസില്ലെന്ന് കണ്ടെത്തി. പള്ളുരുത്തി കസബ പൊലിസാണ് കേസെടുത്തത്.
പുലർച്ചെ 12.30ന് മുണ്ടംവേലി ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയിൽ ബൈക്ക് ഓടിച്ചിരുന്ന ആനാട് വിജയിനും (23) ലൈസൻസില്ലെന്ന് കണ്ടെത്തി. തോപ്പുംപടി പൊലിസ് വാഹനം കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
പുലർച്ചെ 12.45ന് കണ്ണമാലി സ്റ്റോപ്പിനു സമീപമാണ് മൂന്നാമത്തെ സംഭവം. ബൈക്ക് ഓടിച്ചിരുന്ന മട്ടാഞ്ചേരി നസ്രത്ത് സ്വദേശി ലിബിൻ ജോയിക്കും (21) ലൈസൻസില്ലെന്ന് കണ്ടെത്തി. സഹോദരിയുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നത്. യുവാവിനെതിരെയും വാഹനം നൽകിയ ഉടമയ്ക്കെതിരെയും തോപ്പുംപടി പൊലിസ് കേസെടുത്തു.
മൂന്നു സംഭവങ്ങളിലുമായി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലൈസൻസില്ലാത്തവർക്ക് വാഹനങ്ങൾ ഓടിക്കാൻ നൽകുന്നതും നിയമനടപടിക്ക് കാരണമാകുമെന്ന് പൊലിസ് വ്യക്തമാക്കി.