തൃശൂർ: കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച 31 കോടി രൂപയുടെ സ്പിൽ ഓവർ പദ്ധതിക്ക് അംഗീകാരം നൽകി. നാളെ നടക്കുന്ന ജില്ലാ പ്ലാനിംഗ് കമ്മിറ്റി യോഗത്തിൽ ഈ പദ്ധതികൾ ഒൗദ്യോഗികമായി അംഗീകരിക്കപ്പെടുമെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സ്പിൽ ഓവർ തുക എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നില്ലെന്നും കഴിഞ്ഞവർഷം സർക്കാർ വികസനഫണ്ടിന്റെ മൂന്നാം ഗഡു തടഞ്ഞുവച്ച് കോർപറേഷന്റെ വികസനപദ്ധതികൾ അട്ടിമറിച്ചെന്നും കൗണ്‍സിലിൽ യുഡിഎഫ് ചൂണ്ടിക്കാട്ടി. എന്നാൽ നിലവിലെ സർക്കാർ അധികവിഹിതമായി 31 കോടി രൂപ അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും സർക്കാർ തീരുമാനത്തെ കൗണ്‍സിൽ അഭിനന്ദിക്കുന്നുവെന്നും ഡെപ്യൂട്ടി മേയർ എ. പ്രസാദ് പറഞ്ഞു.
പടിഞ്ഞാറെക്കോട്ട ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ടു താൽപര്യപത്രം ക്ഷണിച്ചതിൽ മൂന്നു കന്പനികൾ താൽപര്യം അറിയിച്ചിട്ടുണ്ട്. കൗണ്‍സിൽ തീരുമാനപ്രകാരം സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ശക്തൻ ബസ് സ്റ്റാൻഡ് പുനർനിർമിക്കുന്നതിനുള്ള താൽപര്യപത്രങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
വിശദമായ പ്ലാൻ തയാറാക്കി കൗണ്‍സിലിന്റെ അംഗീകാരത്തോടെ ശക്തൻ ബസ് സ്റ്റാൻഡ് പുനർനിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.