കല്‍പ്പറ്റ: ഗ്രാമീണ മേഖലകളിലെ കായിക സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പൊഴുത പഞ്ചായത്ത് നിര്‍മിച്ച ഇന്ഡോര്ഷട്ടില് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫുട്ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, വോളിബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ തയാറാകണം. യുവതലമുറയെ കായിക രംഗത്തേക്ക് ആകര്‍ഷിക്കുന്നതിലൂടെ ലഹരിക്കെതിരേ പ്രതിരോധം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കാതിരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ അനില്‍, സ്ഥിരംസമിതി അധ്യക്ഷരായ എ. രാജേന്ദ്രന്, ആരിഫ സലാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, വാര്‍ഡ് അംഗം എന്‍.പി സാബിറ, പഞ്ചായത്ത് സെക്രട്ടറി അനീഷ് പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമീണ മേഖലയിലെ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ് സ്റ്റേഡിയം. 2019ല്‍ തുടക്കമിട്ട പദ്ധതിയാണ് പ്രതിസന്ധികള്‍ അതിജീവിച്ച് യാഥാര്‍ഥ്യമായത്. സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകളുടെ അനുമതികളും കെട്ടിടത്തിന്റെ ഉയരവുമായി ബന്ധപ്പെട്ട സാങ്കേതിക നിയന്ത്രണങ്ങളും നിര്‍മാണത്തിന് തടസമായിരുന്നു.
പൊഴുതന പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കാനായത്. 2018-19ലെ പ്രളയനിരപ്പില്നിന്ന് ഉയര്‍ത്തിയാണ് കെട്ടിടത്തിന് തറ നിര്‍മിച്ചത്. 212 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 11 മീറ്റര്‍ ഉയരവുമുള്ള സ്റ്റേഡിയത്തില്‍ സിന്തറ്റിക് മാറ്റ് വിരിച്ച ഷട്ടില്‍ കോര്‍ട്ടാണ് ഒരുക്കിയത്. നികുതിയുള്‍പ്പെടെ 47.79 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്.