വിശാഖപട്ടണം: ആന്ധ്രയിലെ ശ്രീകാകുളം ക്ഷേത്ര ദുരന്തത്തിൽ ക്ഷേത്ര ഉടമയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഉടമ ഹരി മുകുന്ദ പാണ്ഡയ്ക്കെതിരെ നരഹത്യക്കാണ് കേസെടുത്തത്.
ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്. മുൻകൂർ അനുമതി വാങ്ങാതെ ക്ഷേത്രം നിർമിച്ചെന്നും പോലീസിനെ അറിയിക്കാതെയാണ് ഉത്സവം സംഘടിപ്പിച്ചതെന്നും വ്യക്തമായതോടെയാണ് നടപടി
ക്ഷേത്രം നിര്‍മിച്ചതും ഉത്സവം സംഘടിപ്പിച്ചതും മുൻകൂര്‍ അനുമതിയില്ലാതെയെന്ന് പോലീസ് അറിയിച്ചു. ആന്ധ്രാ സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണം ഇന്ന് മുതൽ ആരംഭിക്കും.
അതേസമയം, ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 10പേരാണ് മരിച്ചത്. ദുരന്തത്തിനു ശേഷം ക്ഷേത്രം അടയ്ക്കുകയും സുരക്ഷ കണക്കിലെടുത്ത് പരിസരത്ത് പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ദുരന്തത്തിന് ശേഷം നിരവധി വീഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രധാനഭാഗത്തേക്ക് പോകാൻ ഇടുങ്ങിയ വഴിയാണുണ്ടായിരുന്നത്. ഇവിടെ കൈവരികൾ ഉണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കയറാനും ഇറങ്ങാനും ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആയിരങ്ങൾ തിങ്ങിനിറഞ്ഞതോടെ ഇവർക്ക് അകത്തേക്കോ പുറത്തേക്കോ കടക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായത്.