മടിക്കൈ: ടിപ്പർ ലോറി ഡ്രൈവറായ യുവാവിനെ വീടിനു സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പൊയിൽ കറുകവളപ്പ് പെരളത്തെ ശ്രീരാജ് (28) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ഓടെയാണ് റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തോടെ ശ്രീരാജ് ഈ റോഡിലൂടെ നടന്നുപോകുന്നത് നാട്ടുകാർ കണ്ടിരുന്നതായി പറയുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. പൊതുവേ വിജനമായ പ്രദേശമാണ് ഇവിടം. ശ്രീരാജിന്റെ മൊബൈൽ വീട്ടിൽ ചാർജ് ചെയ്യാൻ വച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കോതോട്ടുപാറയിലെ രാഘവന്റെയും മടിക്കൈ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ. പ്രമീളയുടെയും മകനായ ശ്രീരാജ് കറുകവളപ്പ് പെരളത്തുള്ള അമ്മയുടെ കുടുംബവീട്ടിൽ താമസിച്ചുവരികയായിരുന്നു. അമ്മയുടെ വയോധികരായ മാതാപിതാക്കൾ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.