Kerala
എടപ്പാള്‍: പൂക്കരത്തറയില്‍ യുവാവിനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. അംശക്കച്ചേരി സ്വദേശി റംഷാദിനെയാണ് (23) ചങ്ങരംകുളം എസ്ഐ വിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐയുടെ വലത് കൈയ്ക്ക് പരിക്കേറ്റു.
ഡിസംബർ 19ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പൂക്കരത്തറ പെട്രോള്‍ പമ്പിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം എടപ്പാള്‍ സ്വദേശിയായ ഇംത്യാസിനെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളില്‍ ഒരാളെ അന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. എടപ്പാള്‍ സ്വദേശി ലുക്മാനെയാണ് പോലീസ് അന്ന് പിടികൂടിയത്.
പ്രതികളില്‍ ഒരാള്‍ ലഹരി ഉപയോഗിക്കുന്നത് ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യമായിരുന്നു അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിലായിരുന്ന പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാംപ്രതി റംഷാദിനെ എടപ്പാള്‍ അംശക്കച്ചേരിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.
റംഷാദിനെതിരേ സമാനമായ മറ്റു കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐ വിനുവിനെ പുറമേ എസ്സിപിഒമാരായ ബിജു, നിധീഷ്, സിപിഒ സഫ്വാൻ, രജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
International
ടോക്കിയോ: ജപ്പാനിലെ മിഷിമയിൽ റബർ ഫാക്ടറിയിൽ കത്തിയാക്രമണം. 14 പേർക്ക് കത്തിയാക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്ന് വൈകുന്നേരം പ്രാദേശിക സമയം നാലിനാണ് സംഭവം. കത്തിയുമായെത്തിയ അക്രമി ഫാക്ടറിയിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. കത്തിയാക്രമണത്തിന് പുറമെ ഇയാൾ വിഷവാതകവും
സ്പ്രേ ചെയ്തിരുന്നു.
അക്രമിയെ പോലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Kerala
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുൻ കൗൺസിലറുടെ മകനെ കീഴ്പ്പെടുത്തിയത് ഏറെ പണിപ്പെട്ട്. കുത്തേറ്റ് യുവാവ് മരിച്ചതിനു പിന്നാലെ സ്ഥലത്തെത്തിയ പോലീസുമായി ഏറെനേരം ഉരുട്ടിപ്പിടിച്ചതിനു ശേഷമാണ് ജീപ്പിൽ കയറാൻ തയാറായത്. പോലീസ് ജീപ്പിൽ കയറാൻ തയാറാകാതെ വീണ്ടും വെല്ലുവിളി മുഴക്കുകയായിരുന്നു ഇയാൾ. വീട്ടുകാർ അടക്കം ഇയാളോടു ജീപ്പിൽ കയറാൻ പറയുന്നതും ദൃശ്യങ്ങൾ കാണാം. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനെയും (ടിറ്റോ) മകൻ അഭിജിത്തിനെയുമാണ് പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തത്.
NRI
ലണ്ടൻ: ലണ്ടനിലേക്കു വരുകയായിരുന്ന ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ പത്തു പേർക്ക് പരിക്ക്. സംഭവത്തിൽ രണ്ടു പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം വടക്കൻ ഇംഗ്ലണ്ടിലെ ഡോൺകാസ്റ്ററിൽനിന്ന് ലണ്ടനിലെ കിംഗ്സ് ക്രോസിലേക്കു യാത്രപുറപ്പെട്ട ട്രെയിനിലാണ് കത്തിയാക്രമണമുണ്ടായത്.
ഹണ്ടിംഗ്ടൺ ടൗണിൽ നിർത്തിയ ട്രെയിനിൽ പ്രവേശിച്ച ആയുധധാരികളായ പോലീസ് അക്രമികളെ കീഴടക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടു പേരും ബ്രിട്ടീഷ് പൗരന്മാരാണ്.
സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ രണ്ടു പേർ അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. നാലു പേർ ആശുപത്രി വിട്ടു.
International
ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്.
ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു.
പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.