ചെറായി: മത്സ്യബന്ധന മേഖലയെയും പ്രതിസന്ധിയിലാക്കി പാചകവാതക ഗ്യാസ് ക്ഷാമം. എറണാകുളം മുനമ്പം-മുരുക്കുംപാടം മേഖലയിൽ യന്ത്രവൽകൃത ബോട്ടുകളിലേക്ക് പാചകത്തിന് ആവശ്യമായ ഗ്യാസ് കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പാചകവാതകം കിട്ടാതെ നിരവധി യാനങ്ങൾ മത്സ്യബന്ധനത്തിന് പോകുവാൻ കഴിയാത്ത സാഹചര്യത്തിലാണെന്ന് മുനമ്പം ഫിഷിംഗ് ബോട്ട് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഈ സ്ഥിതി തുടർന്നാൽ മത്സ്യബന്ധന മേഖലയ്ക്കൊപ്പം തന്നെ അനുബന്ധ മേഖലയും സ്തംഭിക്കുമെന്നും ഇവർ ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഗ്യാസ് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജീവ്, ജനറൽ സെക്രട്ടറി ഷെബിർ ബാവ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, മുൻകാലങ്ങളിൽ മത്സ്യബന്ധന ബോട്ടുകളിൽ ഭക്ഷണം പാകം ചെയ്യാൻ മണ്ണെണ്ണ സ്റ്റൗവ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് പാചകവാതകം വ്യാപകമായതും മണ്ണെണ്ണ ലഭിക്കാതെയും വന്നതോടെയാണ് ബോട്ടുകൾ ഗ്യാസ് സ്റ്റൗവിലേക്ക് തിരിഞ്ഞത്.