കൊല്ലം: ഇടപാടുകാരോടും ഒപ്പം കേരളസമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനമാണ് കെഎസ്എഫ്ഇയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതിനു തെളിവാണ് പ്രകൃതിദുരന്തം നേരിട്ട വയനാട് ജില്ലയിലെ കല്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടി രൂപയുടെ അനക്സ് ബ്ലോക്ക് നിർമിച്ചുനൽകിയത്.
സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാസ്ഥാപനമായ കെഎസ്എഫ്ഇ സുതാര്യവും സുരക്ഷിതവുമായ സന്പാദ്യമാർഗം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇ ഗാലക്സി ചിട്ടി വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ‘സമ്മാനോത്സവം 2026’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കൊട്ടാരക്കര അന്പലക്കര മൈതാനത്തു നടന്ന ചടങ്ങിൽ മെഗാസമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിന്റെ താക്കോൽ വിജയിയായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. ഷക്കീലിന് മന്ത്രി സമ്മാനിച്ചു. ഇരിങ്ങാലക്കുട-1 ബ്രാഞ്ചിലെ ഇടപാടുകാരനാണ് ഷക്കീൽ. ബംപർ സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകളുടെ വിതരണവും നടന്നു.
വിവിധ സമ്മാനപദ്ധതികളിലായി പ്രതിവർഷം ഏകദേശം 18 കോടി രൂപയുടെ സമ്മാനവിതരണം കെഎസ്എഫ്ഇ കൃത്യതയോടെ നിർവഹിക്കുന്നുണ്ടെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. തുടർന്നും നൂതനപദ്ധതികളുമായി കെഎസ്എഫ്ഇ എത്തുമെന്ന് എംഡി ഡോ. എസ്.കെ. സനിൽ അറിയിച്ചു.
കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സണ്‍ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ. അരുണ്‍ ബാബു മുഖ്യാതിഥിയായിരുന്നു.
കൊട്ടാരക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എ. ഷാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. രാമകൃഷ്ണപിള്ള, വാർഡ് കൗണ്‍സിലർ എൽ. മിനി, മൈലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിനീത് ശ്രീനിവാസന്റെ സംഗീതപരിപാടി അരങ്ങേറി.