ന്യൂഡൽഹി: പശ്ചിമേഷ്യയിലെയും ഗൾഫിലെയും ഗുരുതര സംഘർഷങ്ങളും ഇന്ത്യ നേരിടുന്ന പ്രതിസന്ധിയും അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചതോടെ പാർലമെന്റ് നടപടികൾ സ്തംഭിച്ചു. ലോക്സഭയിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദത്തിലെ ആദ്യദിനം പൂർണമായി സ്തംഭിച്ചു. രാജ്യസഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയതിനാൽ ഭരണപക്ഷം മാത്രമായാണു സഭാ നടപടികൾ നടത്തിയത്.
പ്രതിപക്ഷ പ്രതിഷേധത്തെ ത്തുടർന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ ഇന്നലെ ചർച്ച നടന്നില്ല. ഓം ബിർളയെ നീക്കം ചെയ്യുന്നതിനുളള പ്രമേയം ഇന്നലെ ചർച്ച ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. കോണ്ഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, മുഹമ്മദ് ജാവേദ്, മല്ലു രവി എന്നിവരാണ് ഇതു സംബന്ധിച്ച പ്രമേയത്തിനു നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ 118 എംപിമാർ സ്പീക്കർക്കെതിരായ പ്രമേയത്തിൽ ഒപ്പിട്ടിട്ടുണ്ട്. സ്പീക്കർക്കെതിരായ പ്രമേയത്തിൻമേൽ ഇന്നു ചർച്ച നടത്താൻ തയാറായേക്കുമെന്നു പ്രതിപക്ഷം സൂചിപ്പിച്ചു. ഇന്നു രാവിലെ ചേരുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാകും അന്തിമ തീരുമാനം.
പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്നലെ ഇരുസഭകളിലും പ്രസ്താവന നടത്തി. സഭയുടെ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുമായുള്ള പ്രതിപക്ഷ എംപിമാരുടെ ബഹളത്തിനിടയിലായിരുന്നു പ്രസ്താവന. രാജ്യത്തെയും ലോകത്തെയും ബാധിച്ച ആശങ്കാജനകമായ സ്ഥിതിഗതികൾ സംബന്ധിച്ച് ഏകപക്ഷീയ പ്രസ്താവനയല്ല, പാർലമെന്റിൽ ചർച്ചയാണു വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഇന്ത്യ സഖ്യം നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്റിനു പുറത്തും അകത്തും പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുള്ള സ്ഥിതി ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ഇന്നലെ രാവിലെ ലോക്സഭ സമ്മേളിച്ചയുടൻ പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, സഭയുടെ ചട്ടമനുസരിച്ച് സ്പീക്കർക്കെതിരേ പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാമെന്നും മറ്റെല്ലാം പിന്നീടാകാമെന്നും സർക്കാരും ലോക്സഭാ സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന പാനൽ ചെയർമാൻ ജഗദാംബിക പാലും പറഞ്ഞു. പശ്ചിമേഷ്യൻ പ്രശ്നം ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയം തള്ളുകയും ചെയ്തു. സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിൽ തീരുമാനമാകുന്നതുവരെ ഓം ബിർള ലോക്സഭാ നടപടികളിൽനിന്നു കീഴ്വഴക്കമനുസരിച്ചു വിട്ടുനിൽക്കുകയാണെന്ന് ജഗദാംബിക അറിയിച്ചു. മൂന്നു തവണ നിർത്തിവച്ച ശേഷം ലോക്സഭ ഇന്നു ചേരാനായി പിരിഞ്ഞു.
രാജ്യത്തെ ആകെയും ലക്ഷക്കണക്കിനു പ്രവാസികളെയും ബാധിച്ച പശ്ചിമേഷ്യയിലെ സംഘർഷം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഖാർഗെ ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ സി.പി. രാധാകൃഷ്ണൻ അനുവദിച്ചില്ല.
വിദേശകാര്യമന്ത്രിയെ പ്രസ്താവനയ്ക്കു ക്ഷണിച്ചതോടെ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു.
ബഹളത്തിനിടയിൽ മന്ത്രി ജയശങ്കർ പ്രസ്താവന വായിച്ചതോടെ, പ്രതിപക്ഷം വാക്കൗട്ട് നടത്തി. പ്രതിപക്ഷം അരാജകത്വം സൃഷ്ടിക്കുകയാണെന്നും ചട്ടപ്രകാരം സഭ നടത്താൻ അനുവദിക്കാത്തതു തെറ്റാണെന്നും കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, കിരണ് റിജുജു, പിയൂഷ് ഗോയൽ തുടങ്ങിയവർ കുറ്റപ്പെടുത്തി.