അടുത്തകാലത്തായി അരുണാചലിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ തക്സിംഗിനടുത്തുള്ള ആസാഫിലയില് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ അവസാന ആഴ്ചകളില്‍ മാജ കമ്പനി ഓപ്പറേറ്റിംഗ് ബേസിനു സമീപം ഇന്ത്യന്‍ സേനയുടെ പതിവ് പട്രോളിംഗിനിടെ, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി നേര്‍ക്കുനേര്‍ വന്നിരുന്നു.
ജൂലൈയിലെ ചെറിയ സംഘര്‍ഷങ്ങള്‍ക്കുശേഷം ഇരുപക്ഷവും മടങ്ങി. പക്ഷേ ഏതാനും ദിവസത്തിനുശേഷം കൂടുതല്‍ സൈന്യവുമായി എത്തിയ പിഎല്‍എ ഇന്ത്യയുടെ എല്‍എസിയുടെ പരിധിക്കുള്ളില്‍ കടന്ന് ആറു മുതല്‍ ഏഴു കിലോമീറ്ററിനുള്ളിലായി ടെന്റുകള്‍ സ്ഥാപിച്ചതായും വിവരമുണ്ട്. സംഘര്‍ഷത്തിനൊടുവില്‍ ഇരുരാജ്യങ്ങളുടെ ഫ്ലാഗ് മീറ്റിംഗുകള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇന്ത്യയും ചൈനയും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല.
ഇരു സൈനിക വിഭാഗങ്ങളും എല്‍എസിയുടെ പരിധിക്കുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും കടന്ന് നിശ്ചിത കിലോമീറ്റര്‍ സഞ്ചരിക്കാറുണ്ടെങ്കിലും ടെന്റുകള്‍ സ്ഥാപിക്കുക, തങ്ങുക, നിര്‍മാണപ്രവൃത്തികള്‍ നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്ന പതിവില്ല.
ചൈനീസ് സൈന്യം കടന്നുകയറിയതായി ഔദ്യോഗികമായി വിവരങ്ങളില്ലെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യയും സൈനികവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ സംഘര്ഷമേഖലയിലേക്കു ഘാതക് സേനയെ വിന്യസിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇടയ്ക്കിടെ സംഘർഷം ഉണ്ടാകാറുണ്ട്: വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: യഥാർഥ നിയന്ത്രണരേഖയിൽ ഇടയ്ക്കിടെ സംഘർഷം ഉണ്ടാകാറുണ്ടെന്നു സമ്മതിച്ച് വിദേശകാര്യ മന്ത്രാലയം. അരുണാചൽപ്രദേശ് അതിർത്തിയിൽ ചൈനയുമായുള്ള ഏറ്റുമുട്ടലുകൾ തുടരുന്നുവെന്ന ഐടിബിപി ഡയറക്ടർ ജനറലിന്റെ പ്രസ്താവനയോടു പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്.
അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും മികച്ച അതിർത്തി മാനേജ്മെന്റിനായി നിയന്ത്രണരേഖയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താൻ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്
ന്യൂഡല്‍ഹി: ഐടിബിപി മേധാവിയുടെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഗൽവാൻ സംഘർഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്കു ക്ലീൻ ചിറ്റ് നൽകിയതാണ് രാജ്യത്തോടുള്ള ആ രാജ്യത്തിന്റെ കടന്നുകയറ്റവും ശത്രുതാപരമായ സമീപനവും വർധിപ്പിച്ചതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവ ൻഖേര ആരോപിച്ചു.