തിരുവനന്തപുരം: വിവിധ മേഖലകളിൽ നിന്നുള്ള പരിചയസന്പന്നരായ പ്രഫഷണലുകളെയും അക്കാദമിക മേഖലയിലെ വിദഗ്ധരെയും പുതുതലമുറ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ’മിഷൻ 14 എക്സ് ’ സംരംഭവുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം).
സംസ്ഥാനത്തെ കാന്പസുകളിൽ പ്രവർത്തിക്കുന്ന ഇന്നൊവേഷൻ ആൻഡ് എന്റപ്രണർഷിപ്പ് ഡവലപ്മെന്റ് സെന്ററുകളിൽ (ഐഇഡിസി) വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാർഥികളുടെ നൂതന ആശയങ്ങൾക്കും സംരംഭകത്വത്തിനും പിന്തുണ നല്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.
സ്റ്റാർട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നവേഷൻ, മെന്റർഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയവയിൽ വൈദഗ്ധ്യമുള്ളതും ഏഴു വർഷത്തിലധികം പരിചയസന്പന്നരുമായ പ്രഫഷണലുകൾക്കും അക്കാദമിക് ഫാക്കൽറ്റി അംഗങ്ങൾക്കും ’മിഷൻ 14 എക്സി’ ന്റെ ഭാഗമാകാം.
’മിഷൻ 14 എക്സി’ന്റെ ഭാഗമാകാൻ താല്പര്യമുള്ള വിദഗ്ധർക്ക് പ്രഫഷണൽ നെറ്റ് വർക്കുകൾ വ്യാപിപ്പിക്കാൻ സാധിക്കും. കേരളത്തിന്റെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടെ ഭാഗമാകാനാകും.
വിദ്യാർഥി സംരംഭകർക്കിടയിൽ നിന്ന് ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, പുത്തൻ ആശയങ്ങൾ, ഭാവി സാധ്യതയുള്ള കണ്ടെത്തലുകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം സംസ്ഥാനത്തുടനീളമുള്ള മികച്ച യുവ സംരംഭകരുമായി ഇടപഴകാനുള്ള അവസരം ലഭിക്കും.