2026 മാർച്ച് 11നാണ് ജസ്റ്റീസ് ജെ.ബി. പർദിവാലയും ജസ്റ്റീസ് കെ.വി. വിശ്വനാഥനുമടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് ഹരീഷ് റാണ എന്ന 31 വയസുള്ള ഗാസിയാബാദുകാരന് ഭക്ഷണവും വെള്ളവും നൽകുന്നത് നിർത്തി പരോക്ഷമായ ദയാവധം (Passive euthanasia) നടത്താമെന്ന വിധി പുറപ്പെടുവിച്ചത്. മാർച്ച് 24ന് ഡൽഹിയിലുള്ള എയിംസ് ആശുപത്രിയിൽവച്ച് ഹരീഷ് റാണയുടെ ദയാവധം നടപ്പാക്കപ്പെട്ടു.
2013ൽ പത്തൊമ്പതാം വയസിൽ ചണ്ഡിഗഡിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഹരീഷ് റാണ ഹോസ്റ്റലിന്റെ നാലാമത്തെ നിലയിൽനിന്ന് താഴെ വീണ് തലയ്ക്കു ഗുരുതരമായ പരിക്കുപറ്റി പൂർണമായും തളർന്ന് കോമാ അവസ്ഥയിൽ കൃത്രിമമായി ഭക്ഷണവും വെള്ളവും സ്വീകരിക്കേണ്ട സ്ഥിതിയിലായത്.
ദയാവധം അനുവദിക്കണമെന്ന് 2024ൽ ഹരീഷ് റാണയുടെ പിതാവ് ഡൽഹി ഹൈക്കോടതിയോട് അഭ്യർഥിച്ചെങ്കിലും കോടതി അനുവദിച്ചില്ല. 2026ൽ ഹരീഷിന്റെ മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. 13 വർഷത്തെ രോഗാവസ്ഥയ്ക്കുശേഷം ഒരു ചികിത്സകൊണ്ടും ഹരീഷിന്റെ ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് രണ്ട് മെഡിക്കൽ റിപ്പോർട്ടുകളുടെ സഹായത്തോടെ തിരിച്ചറിഞ്ഞ് സുപ്രീംകോടതി ദയാവധം നടത്താൻ അനുവദിച്ചു.
യഥാർഥത്തിൽ 2018ൽതന്നെ Common Cause Vs. Union of India എന്ന കേസിന്റെ വിധിയിൽ അന്തസോടെ മരിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി ഭരണഘടനാ ബെഞ്ച് ഇന്ത്യയിൽ പരോക്ഷ ദയാവധം അനുവദിച്ചതാണ്. എന്നാൽ, ഇന്ത്യയിൽ പരോക്ഷ ദയാവധം ആദ്യമായി പ്രാബല്യത്തിൽ വരുന്നത് ഹരീഷ് റാണയുടെ വിധിയിലൂടെയാണ്.
കോടതിയുടെ ആദ്യനിരീക്ഷണം 13 വർഷമായി ഹരീഷ് റാണയുടെ രോഗാവസ്ഥയ്ക്ക് യാതൊരു ഭേദവും ഉണ്ടായിട്ടില്ലെന്നും ഇനിയൊരിക്കലും ആരോഗ്യം വീണ്ടെടുക്കാനാകാത്ത രീതിയിൽ അദ്ദേഹം കോമാവസ്ഥയിൽ ആണെന്നുമുള്ള രണ്ടു മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കൃത്രിമമായി ഭക്ഷണവും വെള്ളവും രോഗിക്കു നൽകുന്നത് ഒരു അടിസ്ഥാന പരിചരണത്തിന്റെ (Basic care) ഭാഗമല്ലെന്നും അതൊരു മെഡിക്കൽ ചികിത്സയാണെന്നുമാണ് കോടതിയുടെ അടുത്ത നിരീക്ഷണം.
ഇവയിലൂന്നിയാണ് മെഡിക്കൽ ചികിത്സകൊണ്ട് രോഗിക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെങ്കിൽ അത് അവസാനിപ്പിക്കാമെന്ന ചികിത്സാനിയമം ഇവിടെ ബാധകമാണെന്ന് കോടതി വിധിച്ചത്. മൂന്നാമതായി, കൃത്രിമമായി ഭക്ഷണവും വെള്ളവും കൊടുക്കുന്നതു തുടർന്നുകൊണ്ട് രോഗി ജീവിക്കുന്നതിൽ വലിയ പ്രയോജനമില്ലെന്നും, ഒരു പ്രയോജനവുമില്ലാത്ത ജീവിതത്തിന് അർഥമില്ലെന്നും ജീവനുള്ള ഒരു ശരീരം മാത്രമായി തുടരുന്നതിനേക്കാൾ രോഗിക്ക് നല്ലത് മരണമാണെന്നുമുള്ള ഹരീഷ് റാണയുടെ മാതാപിതാക്കളുടെയും മെഡിക്കൽ റിപ്പോർട്ടിന്റെയും ന്യായങ്ങൾ കോടതിയും സ്വീകരിച്ചു. നാലാമതായി, ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗം തന്നെയാണ് അന്തസോടെ മരിക്കാനുമുള്ള അവകാശമെന്നു കോടതി വ്യാഖ്യാനിച്ചു.
ഇന്നത്തെക്കാലത്ത് മരണാസന്നരായ രോഗികൾക്കും ചികിത്സകൊണ്ട് വലിയ പ്രയോജനമില്ലാത്ത രോഗികൾക്ക് സാന്ത്വന ചികിത്സാകേന്ദ്രങ്ങൾ (Palliative Care Centres) ധാരാളമുണ്ട്. പലപ്പോഴും ഏതാണ് സാധാരണ ചികിത്സ, ഏതാണ് അസാധാരണവും അനാവശ്യവുമായ ചികിത്സ, ഏതാണ് അടിസ്ഥാന പരിചരണം എന്നൊക്കെ തിരിച്ചറിയാനാകാതെ വിഷമിക്കുന്ന കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന ആശുപത്രികളുടെ ഇടപെടലും നമ്മുടെ സമൂഹത്തിൽ വിരളമല്ല.
ഇത്തരത്തിലുള്ള നിരവധി ആശയക്കുഴപ്പങ്ങളുടെ നടുവിലേക്കാണു പുതിയ കോടതിവിധി വന്നു പതിക്കുന്നത്. പുതിയ കോടതിവിധിയുടെ അടിസ്ഥാനത്തിൽ മനുഷ്യജീവൻ ചില അവസരങ്ങളിൽ അർഥമില്ലാത്തതും അന്തസില്ലാത്തതുമാണ് എന്ന ധാരണ ഉണ്ടാകാനിടയുണ്ട്. ത്യാഗപൂർവം കിടപ്പുരോഗികളെയും മരണാസന്നരെയും സഹായമാവശ്യമുള്ളവരെയും ശുശ്രൂഷിച്ചിരുന്ന സംസ്കാരത്തിൽനിന്ന് "ദയാപൂർവം' അവരെയെല്ലാം വധിക്കാനുള്ള "പരിഷ്കൃത' പാശ്ചാത്യ ചുവയുള്ള സംസ്കാരമാണ് പരോക്ഷമായ ദയാവധം അനുവദിക്കുന്ന കോടതിവിധിയിലൂടെ നമ്മുടെ നാട്ടിൽ ഉണ്ടായിരിക്കുന്നത്.
ലോകമെമ്പാടും വൈദ്യശാസ്ത്രരംഗത്ത് അടുത്തകാലം വരെ അടിസ്ഥാന പരിചരണത്തിന്റെ ഗണത്തിൽ ഉൾപ്പെട്ടിരുന്നവയാണ് രോഗിക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ശുചിത്വം, നഴ്സിംഗ് പരിചരണം മുതലായവ നൽകുന്നത്. അടിസ്ഥാന പരിചരണത്തിന്റെ ഭാഗമാകയാൽ ഭക്ഷണവും ജലവും നൽകുന്നത് കൃത്രിമമായിട്ടാണെങ്കിലും അതൊരിക്കലും ചികിത്സയല്ല, മറിച്ച് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമാണ്, അത് ഒരിക്കലും നിഷേധിക്കാനാവില്ല എന്നതായിരുന്നു പൊതുവേയുള്ള കാഴ്ചപ്പാട്. ഇതിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ചത് 2004ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്.
ഭക്ഷണവും ജലവും ഏതൊരു മനുഷ്യന്റെയും ജീവൻ നിലനിർത്താൻ അത്യാവശ്യമായ ഘടകങ്ങളാണെന്നും കൃത്രിമമായിട്ടാണെങ്കിലും അതൊരു മെഡിക്കൽ ആക്ട് അല്ല, മറിച്ച് സാധാരണവും ആനുപാതികവുമായ പരിചരണത്തിന്റെ ഭാഗമാണെന്നും ജോൺ പോൾ രണ്ടാമൻ പഠിപ്പിച്ചു. രോഗിയുടെ ശരീരത്തിന് ഭക്ഷണം സ്വാംശീകരിക്കാൻ ബുദ്ധിമുട്ടുണ്ടായാലോ അണുബാധമൂലമോ മറ്റെന്തെങ്കിലും കാരണത്താലോ രോഗിക്ക് കൂടുതൽ അപകടമുണ്ടാകാവുന്ന അവസരത്തിലോ മാത്രമാണ് കൃത്രിമമായി ഭക്ഷണവും വെള്ളവും നൽകുന്നത് ഒഴിവാക്കാനാവുന്നത് (John Paul II 2004; ഡിഡിഎഫ് 2007).
എന്നാൽ, ഇന്ന് ദയാവധം നിയമപരമായി അനുവദിച്ച ചില രാജ്യങ്ങളിൽ കൃത്രിമമായി ഭക്ഷണവും വെള്ളവും നൽകുന്ന പ്രക്രിയയിൽ ഡോക്ടറുടെ ചികിത്സാ ഇടപെടൽ ഉണ്ടെന്ന കാരണത്താൽ ഇതൊരു അടിസ്ഥാന പരിചരണമല്ല, മറിച്ച് വൈദ്യചികിത്സയാണെന്നു സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഇത്തരം രോഗികളിൽ ഈ ചികിത്സ നിഷേധിച്ച് പരോക്ഷമായ ദയാവധം നടപ്പാക്കുക എന്നതാണ്. പരോക്ഷമായ ദയാവധം അനുവദിച്ചുകൊണ്ടുള്ള വിധിയിലും - ഹരീഷ് റാണയുടെ ദയാവധം നടപ്പാക്കുന്നതിനു മുൻപ്-സുപ്രീംകോടതി പ്രഖ്യാപിച്ചത് കൃത്രിമമായി ഭക്ഷണവും ജലവും നൽകുന്നത് അടിസ്ഥാന പരിചരണമല്ല അതൊരു അസാധാരണവും ആനുപാതികമല്ലാത്തതുമായ ചികിത്സയാണെന്നും അതുകൊണ്ട് ആ ചികിത്സ ഒഴിവാക്കി ദയാവധം നടത്തണം എന്നുമാണ്.
മരണം ഒഴിച്ചുകൂടാനാകാത്ത യാഥാർഥ്യമാണ്. രോഗിക്ക് കൂടുതൽ പ്രയോജനമുള്ളതും ന്യായമായ പ്രതീക്ഷ നൽകുന്നതും ചികിത്സയുടെ ലക്ഷ്യം സാധിക്കുന്നതും അധികഭാരമാകാത്തതുമായ സാധാരണവും ആനുപാതികവുമായ ചികിത്സ സ്വീകരിക്കാൻ മാത്രമേ നമുക്കു ധാർമികമായ ബാധ്യതയുള്ളൂ. അതേസമയം, പ്രയോജനമില്ലാത്തതും ന്യായമായ പ്രതീക്ഷ നൽകാത്തതും അധികഭാരം വരുത്തുന്നതും അസാധാരണവും ആനുപാതികമല്ലാത്തതുമായ ചികിത്സ നൽകാനോ സ്വീകരിക്കാനോ ധാർമികമായി യാതൊരു ഉത്തരവാദിത്വവുമില്ല. അസാധാരണ ചികിത്സ ഒഴിവാക്കുന്നത് ദയാവധമല്ല, യാഥാർഥ്യബോധമാണ്. ദയാവധമെന്നാൽ കഷ്ടപ്പാടും വേദനയും ഒഴിവാക്കാൻ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ മാത്രം ചെയ്യുന്ന പ്രവൃത്തിയോ ഉപേക്ഷയോ ആണ്.
അസാധാരണ ചികിത്സ ഒഴിവാക്കുന്നത് മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല, ആ ചികിത്സകൊണ്ട് പ്രയോജനമില്ലെന്ന തിരിച്ചറിവുകൊണ്ടാണ്. ഹരീഷ് റാണയുടെ കേസിൽ ഹരീഷ് റാണ മരിക്കണമെന്ന ഉദ്ദേശ്യത്തോടെ അടിസ്ഥാന പരിചരണമായ ഭക്ഷണവും ജലവും നൽകിക്കൊണ്ടിരുന്നത് നിർത്തിയതിനാലാണ്, അത് ഉപേക്ഷയാലുള്ള അല്ലെങ്കിൽ പരോക്ഷമായ ദയാവധമാവുന്നത്. ഭക്ഷണവും വെള്ളവും സ്വാഭാവികമായോ കൃത്രിമമായോ ഒരു രോഗിക്കു നൽകുന്നതിന്റെ ഒരേയൊരു ലക്ഷ്യം ഏതെങ്കിലും രോഗം ചികിത്സിച്ച് ഭേദമാക്കാനല്ല, ജീവൻ നിലനിർത്താനാണ്. ഭക്ഷണവും വെള്ളവും നല്കാതിരിക്കുന്നതിന്റെ ഒരേയൊരു ഫലം രോഗിയുടെ പട്ടിണി മൂലമുള്ള മരണമാണ്.
ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ചുകൊണ്ടു സുപ്രീംകോടതി നടത്തിയ മറ്റൊരു പ്രധാന പരാമർശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ചുള്ള അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്, അന്തസോടെ മരിക്കാനുള്ള അവകാശമെന്നാണ്. ഭ്രൂണഹത്യ അനുവദിച്ചുകൊണ്ടുള്ള വിധിയിൽ പറഞ്ഞതും അത് ആർട്ടിക്കിൾ 21ന്റെ ഭാഗമാണെന്നാണ്. കൊല്ലാനും ചാകാനും ഭരണഘടനാപരമായി അവകാശമുള്ള നാടായി നമ്മുടെ നാട് മാറിയതിൽ നാം അഭിമാനിക്കണോ അതോ അപമാനത്താൽ ശിരസു കുനിക്കണോ? അതേസമയം, മനുഷ്യനെ ആക്രമിക്കുന്ന തെരുവുപട്ടിയെ കൊല്ലാനോ കൃഷി നശിപ്പിക്കുന്നതോ മനുഷ്യനെ കൊല്ലുന്നതോ ആയ വന്യമൃഗങ്ങളെ നശിപ്പിക്കാനോ മനുഷ്യന് ഒരവകാശവും നൽകാനുമാവില്ല!
ഒരു പ്രധാന ചോദ്യം, കിടപ്പുരോഗിയോ കോമാ അവസ്ഥയിലോ ആയവർ സ്വാഭാവികമായ മരണംവരെ കാത്തിരിക്കുന്നതും അവരെ ശുശ്രൂഷിക്കുന്നതും അന്തസ് നഷ്ടപ്പെടുത്തുമോ? മരണാസന്നർക്കും വേദനിക്കുന്നവർക്കും തളർന്നുകിടക്കുന്നവർക്കും അന്തസ് നഷ്ടപ്പെടുമോ? ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്തപ്പോഴും അടിസ്ഥാന പരിചരണവും സാന്ത്വനചികിത്സയും നൽകി സ്വാഭാവിക മരണത്തിന് ഒരുക്കുന്നതല്ലേ മനുഷ്യത്വം. അതല്ലേ അന്തസ്? അതോ അവരെ കൊല്ലുന്നതാണോ?
മരണാസന്നർക്കും അതീവ ഗുരുതരാവസ്ഥയിൽ ആയ രോഗികൾക്കുംമാത്രം ദയാവധം പരിമിതമായി അനുവദിച്ചുതുടങ്ങിയ പാശ്ചാത്യനാടുകളിൽ പലതിലും മരണം അവകാശമായി പ്രഖ്യാപിച്ചതിന്റെ പേരിൽ വിഷാദരോഗത്തിനും വാർധക്യത്തിനുംപോലും ദയാവധം അനുവദിക്കുന്ന സാഹചര്യമായിട്ടുണ്ട്. സുപ്രീംകോടതിയുടെ ഇത്തരം വിധികളിലെല്ലാം അന്ധമായ പാശ്ചാത്യാനുകരണത്തിന്റെ ലക്ഷണങ്ങളുണ്ട്. അനാവശ്യമായ അവകാശങ്ങളുടെ മറപിടിച്ച് മരണസംസ്കാരം രൂപപ്പെടുന്നതിന്റെയും മനുഷ്യത്വം മരിക്കുന്നതിന്റെയും അടയാളങ്ങൾ തെളിയുന്ന ഇത്തരം വിധികൾ നമുക്കു നൽകുന്ന മുന്നറിയിപ്പുകൾ വിസ്മരിക്കാനാവില്ല.
(വിവാഹത്തെയും കുടുംബത്തെയുംസംബന്ധിച്ച് ചങ്ങനാശേരിതുരുത്തിയിലുള്ള ഗവേഷണപഠനകേന്ദ്രമായ ജോണ് പോൾ രണ്ടാമൻപൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,കാനായുടെ വൈസ് പ്രസിഡന്റാണ് ലേഖകൻ)
(അവസാനിച്ചു)