കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേര്, ലോഗോ, വിശ്വാസ്യത എന്നിവ ദുരുപയോഗം ചെയ്ത് ഓണ്‍ലൈനിലൂടെ നടക്കുന്ന തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി സൈബർ ക്രൈം പോലീസ്.
ദിവസവേതന തൊഴിലാളികളെയും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും ലക്ഷ്യമിട്ടു തട്ടിപ്പുകാര്‍ അവരുടെ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കവര്‍ന്നെടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണു പോലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
സുതാര്യമല്ലാത്ത ഇത്തരം സമ്മാന പദ്ധതികളുടെ വില്പന, പ്രമോഷന് എന്നിവയില്‍ ഭാഗ്യക്കുറി ഏജന്റുമാരും വില്പനക്കാരും ഏര്‍പ്പെട്ടാല്‍ ഏജന്‍സി രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലീസ് മുന്നറിയിപ്പ്.
തട്ടിപ്പിൽ വീഴല്ലേ...
- കേരള സംസ്ഥാന ഭാഗ്യക്കുറി പേപ്പര്‍ ടിക്കറ്റുകളായി മാത്രമാണ് വില്‍ക്കപ്പെടുന്നത്.
- ഇവയുടെ വില്പന, വിതരണം എന്നിവ ഓണ്‍ലൈനായോ സമൂഹമാധ്യമങ്ങള്‍ വഴിയോ നടത്തുന്നില്ല.
- അനധികൃത നറുക്കെടുപ്പുകള്‍ക്കും ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കുമെതിരേ ജാഗ്രത പുലര്‍ത്തുക.
- സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സ്കീം, രൂപകല്പന, വില എന്നിവ അനുകരിക്കുന്ന വ്യാജപദ്ധതികളില്നിന്ന് അകലം പാലിക്കുക.
- അംഗീകൃത ഏജന്റുമാരില്‍നിന്ന് നേരിട്ടു മാത്രം ഭാഗ്യക്കുറി ടിക്കറ്റുകള്‍ വാങ്ങുക.
ഓണ്‍ലൈന്‍ വില്പനയില് വഞ്ചിതരാകാതിരിക്കുക.
തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്: 04712305230 / 2301519, ദേശീയ സൈബര്‍ ക്രൈം ഹെല്പ്ലൈന്: 1930, ഓണ്‍ലൈന്‍ പരാതി പോര്‍ട്ടല്‍: www.cybercrime.gov.in എന്നിവ വഴി ബന്ധപ്പെടാം.