ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരവസ്ഥയെക്കുറിച്ചുള്ള ഒരു യുവ ഡോക്ടറുടെ തുറന്നു പറച്ചിൽ വൈറലാകുന്നു..! ആശുപത്രിയിൽ മരുന്നിനും ശസ്ത്രക്രിയ ഉപകരണങ്ങൾക്കും കടുത്ത ക്ഷാമം അനുഭവ പ്പെടുന്നു എന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. പ്ലാറ്റിനം ജൂബിലി കൺവെൻഷൻ വേദിയിലാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. മന്ത്രി സി.പി ജോണിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്.
മെഡിക്കൽ കോളജിൽ രോഗികൾക്ക് ആവശ്യമായ മരുന്ന് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും ഉപകരണങ്ങളുടെ അ ഭാവം ചികിത്സയെ ബാധിക്കുന്നുണ്ടെന്നും ഡോക്ടർ വേദിയിൽ പറഞ്ഞു. ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന രീതിയിലാണു ഡോക്ടറുടെ പ്രതികരണം വന്നത്. സെമിനാറിൽ മന്ത്രിയെക്കൂടാതെ ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യവകുപ്പ് ഡയറക്ടർ വി. മീനാക്ഷി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രഞ് ജു രവീന്ദ്രൻ എന്നിവരും വേദിയിലുണ്ടായിരുന്നു.
അതേസമയം മെഡിക്കൽ കോളജിന്റെ വികസനത്തിനായി ടിഎംസി വിഷൻ 2030ന്റെ അടിസ്ഥാനത്തിൽ സർക്കാർ വികസനപരിപാടി തയറാക്കുമെന്ന് മന്ത്രി സി.പി. ജോൺ സെമിനാറിൽ പറഞ്ഞിരുന്നു. അർബുദ ചികിത്സയ്ക്കുള്ള ആധുനിക പ്രോട്ടോൺ ചികിത്സാകേന്ദ്രം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
മരുന്നിനായി വാർഡുകൾ കയറിയിറങ്ങണം. സർജറി വിഭാഗത്തിൽ അവശ്യ മരുന്നു ലഭിക്കുന്നില്ല. രോഗികൾക്ക് ട്യൂബ് ഇടുന്നതിനിടയിൽ ടോപ്പോപ്ലാസ്റ്റ് തീർന്നുപോയി, രോഗികൾ ഗതികേടിലാകുന്നതോടെ മരുന്നു മോഷ്ടിച്ച് അവർക്ക് കൊടുക്കേണ്ടതായ ഗതികേടുണ്ട്. പാൻറോപ്പ് പോലുള്ള മരുന്നിനുള്ള ക്ഷാമം തുടങ്ങിയിട്ട് ആഴ്ചകളായി. ഒടി, പിടി തുടങ്ങിയ പരിശോധനകളുടെ റിപ്പോർട്ട് കൃത്യസമയത്ത് ലഭിക്കുന്നില്ല, റൗണ്ട്സിനു പോകുമ്പോൾ പിടി റിപ്പോർട്ടിൽ റീയേജന്റ് സ്റ്റോക്ക്ഡ് ഔട്ട് എന്നാണ് കാണിക്കുന്നത് തുടങ്ങിയ വയും ഡോക്ടർ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഹൗസ് സർജന്മാരുടെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും യുവ വനിതാ ഡോക്ടർ തുറന്നുകാട്ടുകയായിരുന്നു. ഡോക്ടറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളജ് അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.