പാലാ: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങള്‍ സുരക്ഷിതമല്ലാത്തതിനാല്‍ ഇവ മാറ്റി യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സീറ്റുകള്‍ ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. തുടര്‍ച്ചയായി ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് വിഷയത്തില്‍ ഇടപെട്ടത്. പൊതുജനങ്ങള്‍ക്ക് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അവരെ ബുദ്ധിമുട്ടിക്കുന്നതോ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നതോ ആയിരിക്കരുതെന്ന് കമ്മീഷന് നിരീക്ഷിച്ചു.
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ആളുകള്‍ കിടന്നുറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് പല സ്ഥലങ്ങളിലും സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം ഇരിപ്പിടങ്ങളില്‍ ദീര്‍ഘനേരം ഇരിക്കാന്‍ കഴിയുന്നില്ലെന്നും വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യാത്രക്കാരില്‍ നിന്ന് വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്.
പാലാ ടൗണിലും നിരവധി സ്ഥലങ്ങളില്‍ സ്റ്റീല്‍ പൈപ്പ് ഇരിപ്പിടങ്ങളുണ്ട്. യാത്രക്കാര്‍ക്ക് വിശ്രമസൗകര്യം ഒരുക്കേണ്ട ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ യഥാര്‍ഥ ലക്ഷ്യം നിറവേറ്റുന്നില്ലെന്നും നിലവിലെ ഇരിപ്പിട സംവിധാനം മനുഷ്യസൗഹൃദമല്ലെന്നും പാലാ പൗരാവകാശ സമിതിയും പരാതിപ്പെട്ടിരുന്നു.
പ്രായമായവര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഉള്‍പ്പെടെ എല്ലാവര്ക്കും സുരക്ഷിതമായും സുഖകരമായും ഉപയോഗിക്കാനാകുന്ന പരന്ന ബെഞ്ചുകളോ ഇരിപ്പിടങ്ങളോ സ്ഥാപിക്കണമെന്നാണ് കമ്മീഷൻ ഉത്തരവ്. ഇതിനായി പൊതുമരാമത്ത് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശദമായ റിപ്പോര്‍ട്ട് കമ്മീഷന് സമര്‍പ്പിക്കാനും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.