മണിമല: ഏറത്തുവടകര കടുക്കടവ് ഭാഗത്ത് നിന്നുകളഞ്ഞുകിട്ടിയ 49,750 രൂപ മണിമല പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച പ്ലസ് ടു വിദ്യാർഥി മാതൃകയായി. മണിമല സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ കോട്ടങ്ങൽ സ്വദേശി റയാൻ മരുതംകുന്നേലാണ് കളഞ്ഞുകിട്ടിയ പണം എഎസ്ഐ അജിത് കുമാറിനും സ്റ്റേഷൻ റൈറ്റർ ഗിരീഷിനും കൈമാറിയത്.
ഇതിനിടെ പണം നഷ്ടപ്പെട്ട പരാതിയുമായി ഉടമ കൊട്ടാങ്ങൽ സ്വദേശി അജ്മൽ മണ്ണുത്തൊട്ടിയിൽ പോലീസ് സ്റ്റേഷനിൽ എത്തി. ആലപ്പുഴയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അടയ്ക്കാനായി കൊണ്ടുപോകുകയായിരുന്ന തുകയാണ് നഷ്ടമായതെന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു. പരാതിയും മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷം പോലീസ് പണം അജ്മലിന് കൈമാറി.
തനിക്ക് അർഹതയില്ലാത്ത പണം സത്യസന്ധതയോടെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച റയാന്റെ മാതൃകാപരമായ പ്രവർത്തനത്തെ മണിമല പോലീസ് അഭിനന്ദിച്ചു. വിദ്യാർഥിയുടെ നല്ല പ്രവൃത്തി സ്കൂൾ അധികൃതരെ അറിയിച്ചശേഷം അടുത്ത ദിവസം റയാനെ പ്രത്യേകമായി അഭിനന്ദിക്കുമെന്നും മണിമല പോലീസ് അറിയിച്ചു.