നെടുങ്കണ്ടം: നെടുകണ്ടം ഗവ. പോളിടെക്നിക് കോളജിൽ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 11 കോടി രൂപയുടെ സമഗ്ര വികസന പദ്ധതികൾക്ക് ഇന്നു തുടക്കമാകും.
സ്റ്റാഫ് ക്വാർട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനം ഉച്ചകഴിഞ്ഞ് രണ്ടിന് എം.എം. മണി എംഎൽഎ നിർവഹിക്കും.
നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിക്കും. പുതിയ അക്കാദമിക് ബ്ലോക്കിൽ ആധുനിക ലാബുകൾ, സ്മാർട്ട് ക്ലാസ്റൂമുകൾ, സെമിനാർ ഹാളുകൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തും. ഡിജിറ്റൽ ലൈബ്രറി, ഇൻഡസ്ട്രി സ്റ്റാൻഡേർഡ് ഉപകരണങ്ങൾ എന്നിവയും ഘട്ടംഘട്ടമായി ഉൾപ്പെടുത്തും.
സ്റ്റാഫ് ക്വാർട്ടേഴ്സും ബോയ്സ് ഹോസ്റ്റലും ഉൾപ്പെടുന്ന വികസനത്തോടെ കോളജ് സമ്പൂർണമായ റെസിഡന്റ് സംവിധാനത്തിലേക്ക് ഉയരും. അധ്യാപകർ ക്യാമ്പസിൽതന്നെ താമസിക്കുന്നതിലൂടെ അക്കാദമിക് പിന്തുണയും മെന്ററിംഗ് സംവിധാനവും ശക്തമാകും.
വിദ്യാർഥികൾക്ക് ക്യാമ്പസിനുള്ളിൽത്തന്നെ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട പരിശീലനം, ലൈവ് പ്രോജക്ടുകൾ, സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവ ലഭ്യമാക്കും. എംഎസ്എംഇ യൂണിറ്റുകളുമായും സാങ്കേതിക സ്ഥാപനങ്ങളുമായും സഹകരിച്ച് ഇൻക്യുബേഷൻ സെന്റർ ആരംഭിക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഇതിലൂടെ പ്ലേസ്മെന്റ് സാധ്യതയും സംരംഭകത്വവും വർധിപ്പിക്കാനാകും.
1999ൽ സ്ഥാപിതമായ ഈ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ
കംപ്യൂട്ടർ എൻജിനിയറിംഗ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ് എന്നീ മൂന്ന് ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സുകളാണുള്ളത്.