ഏറ്റവുമൊടുവിൽ കെഎസ്ആർടിസി ബസ് കത്തിയത് പൊൻകുന്നത്താണ്. മലപ്പുറത്തുനിന്ന് ഗവിക്ക് പോയ ഉല്ലാസയാത്ര ബസിനാണ് കഴിഞ്ഞദിവസം തീപിടിച്ചത്. യാത്രക്കാർ പുറത്തിറങ്ങിയതിനാൽ രക്ഷപ്പെട്ടു. 31നുതന്നെയാണു കോട്ടയം അതിരന്പുഴയിൽ ഓടിക്കുന്നതിനിടെ സ്കൂട്ടറിനു തീപിടിച്ചത്. വാഹനങ്ങൾക്കു തീ പിടിക്കുന്നത് പുതിയ സംഭവമല്ലെങ്കിലും കെഎസ്ആർടിസിയുടേത് ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പാണ് മൈസൂരുവിൽ 40 യാത്രക്കാരുമായി വന്ന ബസ് കത്തിയമർന്നത്. അതിനു മുന്‍പും നിരവധി സംഭവങ്ങളുണ്ടായി. യാത്രാക്ലേശമുണ്ടാകുന്പോൾ നിരക്ക് നാലിരട്ടിയാക്കുന്നതിനെക്കുറിച്ചല്ല, യാത്രക്കാരുടെ ജീവൻ രക്ഷിക്കേണ്ടതിനെക്കുറിച്ചാണ് ‘വെള്ളാന’ ഗവേഷണം നടത്തേണ്ടത്.
പുതുവത്സരമാഘോഷിക്കാൻ മലപ്പുറത്തുനിന്നു ഗവിയിലേക്ക് 28 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് പൊൻകുന്നം ചെറുവള്ളിയിൽ പുലർച്ചെ നാലോടെ കത്തിയമർന്നത്. ബസിൽനിന്നു പുക ഉയരുന്നതായി പിന്നാലെയെത്തിയ മീൻവണ്ടിക്കാരൻ വിളിച്ചുപറഞ്ഞതു രക്ഷയായി. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഡ്രൈവറും കണ്ടക്ടറും ചേർന്നു വിളിച്ചുണർത്തി പുറത്തെത്തിച്ചശേഷം തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും മിനിറ്റുകൾക്കകം ബസ് പൂർണമായും കത്തിയമർന്നു. ഡിസംബർ 19നാണ് 40 യാത്രക്കാരുമായി ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് മൈസൂരു നഞ്ചൻഗോട്ട് പുലർച്ചെ രണ്ടിനു കത്തിനശിച്ചത്. തുടക്കത്തിലേ അറിഞ്ഞതിനാൽ ഉറക്കത്തിലായിരുന്ന 40 യാത്രക്കാരെയും രക്ഷിക്കാനായി. മൈസൂരു സംഭവത്തിന്റെ അന്നുതന്നെ നെടുമങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓർഡിനറി ബസ് വഴയിലയിൽവച്ച് നട്ടുച്ചയ്ക്കു കത്തി. 30 യാത്രക്കാരെയും അതിവേഗം പുറത്തിറക്കി.
ഒക്ടോബർ ആറിനാണ്, പുനലൂരിൽനിന്നു കോയമ്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനു പാലക്കാട്ടുവച്ചു തീപിടിച്ചത്. ഗിയർബോക്സിനു ചുവട്ടിൽനിന്നു പുക ഉയർന്നതു കണ്ട യാത്രക്കാരാണ് ഡ്രൈവറോടു പറഞ്ഞത്. അതിനു മൂന്നാഴ്ച മുന്‍പ്, മാളയിൽനിന്നു തൃശൂരിലേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് കത്തി. ഭയന്ന യാത്രക്കാര്‍ തിരക്കുകൂട്ടിയതോടെ, ബസിന്റെ ഒരു വാതില്‍ തകരാറിലായി. യാത്രക്കാരിൽ ചിലര്‍ വശങ്ങളിലെ ജനലുകള്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു. പലയിടത്തും യാത്രക്കാർക്കു പുറത്തിറങ്ങാൻ സമയം ലഭിച്ചതുകൊണ്ടാണ് ദുരന്തങ്ങൾ ഒഴിവായത്. ഇത് എല്ലായ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ലെന്ന് കെഎസ്ആർടിസിക്ക് ഇതുവരെ മനസിലായിട്ടില്ല.
കെഎസ്ആർടിസിക്ക് ആകെയുള്ള 4,717 ബസുകളിൽ 1,261 എണ്ണവും 15 വർഷത്തിലേറെ പഴക്കമുള്ളതാണ്. 14നും 15നും ഇടയിൽ 698, 13നും 14നുമിടയിൽ 193, 12നും 13നുമിടയിൽ 519, 11നും 12നുമിടയിൽ 362, ഒന്‍പതിനും 10നുമിടയിൽ 857 എന്നിങ്ങനെയാണ് ബസുകളുടെ കാലപ്പഴക്കം. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിൽനിന്നു മാറ്റാൻ അവയ്ക്ക് ഇന്ധനം നിഷേധിക്കാനുള്ള നീക്കമാണ് ഡൽഹി സർക്കാർ നടത്തുന്നത്. പ്രധാനമായും വായൂമലിനീകരണം തടയാനാണെങ്കിലും പഴയ വാഹനങ്ങൾ സുരക്ഷിതമല്ലെന്നുള്ളതാണ് യാഥാർഥ്യം. യഥാസമയം കഴുകി വൃത്തിയാക്കുന്നുപോലുമില്ലാത്ത കെഎസ്ആർടിസി ബസുകളുടെ കാര്യത്തിൽ അറ്റകുറ്റപ്പണി അത്യാവശ്യ സമയത്തു മാത്രമാണെന്ന് ആരോപണമുണ്ട്.
വാഹനങ്ങൾക്കു തീ പിടിക്കാനുള്ള പ്രധാന കാരണം ഷോർട്ട് സർക്യൂട്ട് ആണ്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ഒഴുകുന്നതും തീ പടരാനിടയാക്കും. ആക്സസറികള്‍ക്കായി ചെയ്യുന്ന കൃത്യമല്ലാത്ത വയറിംഗ്, സീലു പൊട്ടിയ വയറിംഗുകള്‍, അനധികൃത സിഎന്‍ജി-എല്‍പിജി കിറ്റുകള്‍, ശരിയായി കണക്ട് ചെയ്യാത്ത ബാറ്ററി, സ്റ്റാർട്ടർ, സ്റ്റീരിയോ എന്നിവയും തീപിടിത്തത്തിനു കാരണമാകും. വാഹനങ്ങൾ യഥാസമയം അംഗീകൃത ഇടങ്ങളിൽ പരിശോധനയും അറ്റകുറ്റപ്പണിയും നടത്തിയാൽ പ്രശ്നം വലിയൊരു പരിധിവരെ ഒഴിവാക്കാം. തീ പിടിച്ചാലുടനെ വാഹനം ഓഫാക്കുകയും പുറത്തിറങ്ങി അകലേക്കു മാറുകയും ചെയ്യണം. തീ കെടുത്താൻ സ്വയം ശ്രമിക്കരുത്. ബോണറ്റ് ഉയർത്താൻ ശ്രമിച്ചാലും തീ ആളിപ്പടരും.
യാത്രാക്ലേശം മുതലെടുത്ത് നിരക്ക് രണ്ടും മൂന്നും നാലും ഇരട്ടി വർധിപ്പിക്കുന്ന സ്വകാര്യ ബസുടമകളുടെ കൊള്ള കെഎസ്ആർടിസിയും നടത്തുകയാണ്. രണ്ടും മൂന്നും ഇരട്ടിയാണ് ക്രിസ്മസിനു നിരക്ക് വർധിപ്പിച്ചത്. വിശേഷാവസരങ്ങളിലെ ഈ കൊള്ള തിരക്കേറുന്പോഴൊക്കെ നടത്താനാണ് പുതിയ തീരുമാനം. യാത്രക്കാരുടെ ഗതികേടിനെ ചൂഷണം ചെയ്യാൻ തല പുകയ്ക്കുന്ന കോർപറേഷൻ ബസിലെ പുകയും യാത്രക്കാരുടെ ഭീതിയും കെടുത്താൻ ഒന്നും ചെയ്യുന്നില്ല. സർക്കാർ അടിയന്തരമായി ഇടപെടണം.