തൃശൂർ: ശന്പള വർധനയ്ക്കായി ജൂബിലി മിഷൻ ആശുപത്രിയിലെ യുഎൻഎ നഴ്സുമാർ നടത്തിയ സമരം അവസാനിച്ചു. നിലവിലെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടാണ് നഴ്സുമാർ സമരം അവസാനിപ്പിച്ചത്. അടിസ്ഥാന സേവന വേതനവുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടരുമെന്നു ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ അറിയിച്ചു.
സത്യത്തിന്റെ വിജയം: ആശുപത്രി സംരക്ഷണസമിതി
തൃശൂർ: ജൂബിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിൽ അതിരൂപത നേതൃത്വവും വിശ്വാസികളും കൈക്കൊണ്ട നിലപാടുകൾ ശരിയെന്നു തെളിഞ്ഞതായി ആശുപത്രി സംരക്ഷണസമിതി. ഏറ്റവും കൂടുതൽ ശന്പളംനൽകുന്ന ജൂബിലിയിൽമാത്രം സമരം തുടർന്നതിനെയും സമരത്തിന്റെ മറവിൽ അതിരൂപത ആസ്ഥാനം രണ്ടുവട്ടം ഉപരോധിക്കുകയും അധ്യക്ഷനെ അവഹേളിക്കുകയും ചെയ്തതിനെയുമാണ് സമിതി എതിർത്തത്.
കൂടുതൽ ശന്പളം നൽകിയിട്ടും വീണ്ടും ശന്പള വർധനയാവശ്യപ്പെട്ട യുഎൻഎ നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളണം. നിലവിലെ വേതന നിരക്കുകൾ അംഗീകരിച്ചാണു സമരം അവസാനിപ്പിച്ചത്. അതിരൂപതയുടെ വിശ്വാസ പ്രേഷിത സ്ഥാപനമായ ജൂബിലിയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി നിലകൊണ്ട നേതൃത്വത്തെയും വൈദിക - സന്യസ്ത - അൽമായ സമൂഹത്തെയും സമിതി അഭിനന്ദിച്ചു. ഭാവിയിലും കടന്നുകയറ്റങ്ങൾ ചെറുക്കുമെന്ന് അതിരൂപത സംരക്ഷണസമിതി പറഞ്ഞു.