“ഡോക്ടർ, രാവിലെ മുതൽ സംസാരത്തിന് ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു. ക്ഷീണമാണെന്ന് കരുതി കിടന്നുറങ്ങാൻ പറഞ്ഞു. വൈകുന്നേരമായപ്പോൾ ഒരു വശം മുഴുവൻ തളർന്നുപോയി!”
ഒരു ന്യൂറോസർജനെന്ന നിലയിൽ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും കാണേണ്ടിവരാറുണ്ട്. ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം എന്താണെന്നറിയാമോ?
ചിലപ്പോൾ രോഗത്തെക്കാൾ അപകടകാരിയാകുന്നത് ചികിത്സ തേടാനുള്ള നമ്മുടെ കാലതാമസമാണ്!
സ്ട്രോക്ക് പലപ്പോഴും മുന്നറിയിപ്പ് നൽകും. പക്ഷേ ആ മുന്നറിയിപ്പ് തിരിച്ചറിയാതെ പോകുമ്പോൾ നഷ്ടപ്പെടുന്നത് ചിലപ്പോൾ ഒരു ജീവിതത്തിന്‍റെ സ്വാതന്ത്ര്യമാണ്!
എന്തുകൊണ്ടാണ് ഓരോ മിനിറ്റും നിർണായകമാകുന്നത്?
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുകയോ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുകയോ ചെയ്യുന്നതാണ് സ്ട്രോക്ക്.
രക്തക്കുഴൽ അടഞ്ഞുണ്ടാകുന്ന സ്ട്രോക്കിൽ ഓക്സിജൻ ലഭിക്കാതെ നാഡീകോശങ്ങൾ അതിവേഗം നശിച്ചുതുടങ്ങുന്നു.
ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് നാഡീകോശങ്ങൾ നഷ്ടപ്പെടാം.
ഓർക്കുക...
നഷ്ടപ്പെടുന്നത് സമയം മാത്രമല്ല. സംസാരിക്കാനുള്ള കഴിവും നടക്കാനുള്ള സ്വാതന്ത്ര്യവും സ്വയം ജീവിക്കാനുള്ള ശേഷിയുമാകാം!
സ്ട്രോക്ക് തിരിച്ചറിയാൻ ആറ് മുന്നറിയിപ്പുകൾ!
ഇവ ഓർത്തുവയ്ക്കുക.- BEFAST
B — Balance: ശരീരത്തിന്‍റെ സന്തുലനം - പെട്ടെന്ന് നടക്കാൻ ബുദ്ധിമുട്ട്, തുലനം നഷ്ടപ്പെടൽ.
E — Eyes: കാഴ്ച - പെട്ടെന്നുള്ള കാഴ്ചക്കുറവ് അല്ലെങ്കിൽ ഇരട്ടക്കാഴ്ച.
F — Face: മുഖം - ചിരിക്കുമ്പോൾ മുഖത്തിന്‍റെ ഒരുവശം കോടിപ്പോകുക.
A — Arms: കൈ - ഒരു കൈയ്ക്ക് പെട്ടെന്ന് ബലക്കുറവോ മരവിപ്പോ ഉണ്ടാകുക.
S — Speech: സംസാരം - വാക്കുകൾ കുഴയുക, സംസാരിക്കാനോ മനസിലാക്കാനോ ബുദ്ധിമുട്ടുക.
T — Time: സമയം - ഇവയിലൊന്ന് കണ്ടാലും ഉടൻ അടിയന്തര വൈദ്യസഹായം തേടുക
പെട്ടെന്നുണ്ടാകുന്ന അസാധാരണമായ കടുത്ത തലവേദനയും സ്ട്രോക്ക് മുന്നറിയിപ്പാകാം. എല്ലാ ലക്ഷണങ്ങളും ഒരുമിച്ച് വരണമെന്നില്ല!
സ്ട്രോക്ക് സംശയിച്ചാൽ എന്തുചെയ്യണം?
ഉടൻ ആംബുലൻസ് വിളിക്കുക.( 108)
ആംബുലൻസ് സംവിധാനത്തിന്‍റെ സഹായത്തോടെ കഴിയുന്നത്ര വേഗത്തിൽ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള അനുയോജ്യമായ ആശുപത്രിയിലെത്തിക്കുക. ഏത് ആശുപത്രിയിലേക്കു പോകണമെന്ന് തീരുമാനിക്കുന്നതിലും സമയം നിർണായകമാണ്.
ലക്ഷണങ്ങൾ തുടങ്ങിയ സമയം കൃത്യമായി രേഖപ്പെടുത്തുക. ഉറക്കമുണർന്നപ്പോൾ ലക്ഷണങ്ങൾ കണ്ടെങ്കിൽ അവസാനമായി സാധാരണ നിലയിൽ കണ്ട സമയവും അറിയിക്കുക.
ലക്ഷണങ്ങൾ മാറിയാലും ആശുപത്രിയിൽ പോകണം!
അഞ്ചുമിനിറ്റ് മാത്രം കൈ തളർന്നു... പിന്നെ എല്ലാം ശരിയായി! അപകടം കഴിഞ്ഞുവെന്ന് കരുതരുത്!
താൽക്കാലികമായി രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ വരാനിരിക്കുന്ന വലിയ സ്ട്രോക്കിന്റെ മുന്നറിയിപ്പാകാം. ഇതിനെ ട്രാൻസിയന്‍റ് ഇസ്കീമിക് അറ്റാക്ക് ( TIA) എന്ന് വിളിക്കുന്നു.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ ,സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]