തിരുവനന്തപുരം: കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു രൂപീകരിച്ച കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ ഘടനയിലും പ്രവർത്തനത്തിലും ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു.
സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ്-കുട്ടനാട് മേഖല വികസനം (സിപിപിയു കെആർഡി) ഇംപ്ലിമെന്റേഷൻ ആൻഡ് ടെക്നിക്കൽ കമ്മിറ്റി, വർക്കിംഗ് ഗ്രൂപ്പുകൾ, കുട്ടനാട് സെൽ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ ഘടന വരുന്നത്.
കുട്ടനാട് വികസന ഏകോപന കൗണ്‍സിലിന്റെ കണ്‍വീനറായി ചീഫ് സെക്രട്ടറിയെ നിശ്ചയിച്ചു. കൃഷി, ജലവിഭവ, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകൾ കൈകാര്യം ചെയ്യുന്ന ആസൂത്രണ ബോർഡ് അംഗം കൗണ്‍സിലിൽ അംഗമായിക്കും.
സംസ്ഥാന ആസൂത്രണ ബോർഡ് തലത്തിൽ സെന്റർ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനത്തിനായി രൂപീകരിക്കും. കുട്ടനാട് പാക്കേജ് സ്പെഷൽ ഓഫീസർ കൂടിയായ ആസൂത്രണ ബോർഡ് മെന്പർ സെക്രട്ടറിക്ക് സെൻട്രൽ പ്രോജക്ട് പ്രോസസിംഗ് യൂണിറ്റ് കുട്ടനാട് മേഖലാ വികസനം സംബന്ധിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്യണം.ഐടി, ധനകാര്യം, ജലവിഭവ മേഖലകളിൽ നിന്നുള്ള വിദഗ്ധർ കൂടി ഉൾപ്പെടുത്തി പ്രവർത്തിക്കും.