അമ്പലപ്പുഴ: കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിക്കായി തെരച്ചിൽ തുടരുന്നു. പുറക്കാട് നടുവിലെ മഠത്തിൽ രാജേഷ്-റാണി ദമ്പതികളുടെ മകൻ സൂര്യൻ (16) ആണ് കാണാതായത്.
ശനിയാഴ്ച വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂർ തീരത്തായിരുന്നു സംഭവം. മുത്തച്ഛന്റെ മരണാനന്തരകർമങ്ങൾ കഴിഞ്ഞ് ബന്ധുക്കളായ മൂന്നു കുട്ടികൾക്കൊപ്പം കടലിലിറങ്ങിയ സൂര്യൻ തിരയിൽപ്പെടുകയായിരുന്നു.
പിന്നീട് കോസ്റ്റ് ഗാർഡ്, നേവി ഹെലികോപ്റ്ററുകളും ഫിഷറീസ്, തീരദേശ പോലീസ് ബോട്ടുകളും മത്സ്യത്തൊഴിലാളികളും രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതൊടെ ജി. സുധാകരൻ എംഎൽഎ ഇടപെട്ട് നേവിയുടെ സ്കൂബ സംഘത്തിന്റെ സഹായം തേടി.
ഇന്നലെ ഉച്ചയോടെ ജില്ലാ കളക്ടർ ഷാജി വി. നായർ സ്ഥലം സന്ദർശിച്ചു. കളക്ടർ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടിയ ശേഷം മാതാപിതാക്കളെ സന്ദർശിച്ചു.
എഡിഎം പ്രേംജി, ദുരന്ത നിവാരണ അഥോറിറ്റി ഡെപ്യൂട്ടി കളക്ടർ ബിജു, അമ്പലപ്പുഴ തഹസിൽദാർ ലെറ്റിമോൾ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.