നിലമ്പൂര്‍: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിപുലമായ ബോധവത്കരണം. എരഞ്ഞിമങ്ങാട് ഗവണ്‍മെന്റ്് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റോവര്‍ ക്രൂവിന്റെ നേതൃത്വത്തിലാണ് കേരള സര്‍ക്കാരിന്റെ ഓപറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരേയുള്ള ബോധവലത്കരണം നടത്തിയത്.
പരിപാടിയുടെ ഭാഗമായി അകമ്പാടം അങ്ങാടിയില്‍ ലഹരിവിരുദ്ധ നോട്ടീസുകള്‍ വിതരണം ചെയ്യുകയും ലഹരിവിരുദ്ധ തിരിതെളിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്തു. "ഞാനൊരു തൂഫാന് യോദ്ധാവാണ്' എന്നെഴുതിയ ബാഡ്ജുകള്‍ ജനങ്ങളെ അണിയിച്ചു. വര്‍ധിച്ചുവരുന്ന ലഹരി വിപത്തിനെതിരേ ശക്തമായ ജനകീയ പ്രതിരോധം തീര്‍ത്താല്‍ മാത്രമേ സമൂഹത്തെ രക്ഷിക്കാനാകൂ എന്ന തിരിച്ചറിവാണ് ഇത്തരം പരിപാടികള്‍ക്ക് പ്രേരണയായതെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
അകമ്പാടം അങ്ങാടിയില്‍ നടന്ന പരിപാടിയില്‍ പിടിഎ പ്രസിഡന്റ് ഹാരിസ് ആട്ടീരി, എസ്എംസി ചെയര്മാന് സൂര്യപ്രകാശ്, പ്രിന്‍സിപ്പല്‍ സൂസന് സാമൂവേല്‍ എന്നിവര്‍ പ്രസംഗിച്ചു. റോവര്‍ സ്കൗട്ട് ലീഡര്‍ മുഹമ്മദ് റസാക്ക്, റോവര്മാരായ അലന് ജോജോ, അശ്വിന്, റിതുല്‍, സിദാന്, അഡ്രിയാന്‍ എന്നിവര്‍ നേതൃത്വം നല്കി.