തിരുവനന്തപുരം: കരിമണൽ സംഭരണത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളടക്കം പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ മണലെടുക്കുന്നതിലെ ക്രമക്കേടുകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.
വിമാനത്താവളങ്ങളെ ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കും
സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചു കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തിനായി 3764.54 കോടി സർക്കാർ ചെലവഴിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണത്തിനായി സംസ്ഥാന സർക്കാർ ഇതുവരെ 3764.54 കോടി രൂപ ചെലവഴിച്ചു. ഒന്നാം ഘട്ടത്തിൽ കേന്ദ്ര സർക്കാർ 817.80 കോടി രൂപയും അദാനി കന്പനി 2454 കോടി രൂപയും മുതൽ മുടക്കിയിട്ടുണ്ട്. തുടർഘട്ട പ്രവർത്തനങ്ങൾക്കായി ഏകദേശം 19000 കോടി രൂപയോളം മുതൽ മുടക്കുമെന്നാണ് അദാനി കന്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഓഹരി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടി പരിധി ചർച്ച ചെയ്യും
കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കാനും കന്പനികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതു തടയാനും ഓഹരി കൈമാറ്റത്തിനുള്ള സ്റ്റാംപ് ഡ്യൂട്ടിക്ക് പരമാവധി തുക നിശ്ചയിക്കണോയെന്ന കാര്യം ചർച്ച ചെയ്തു തീരുമാനിക്കും. ഗ്രാമീണ റോഡുകളുടെ നിർമാണത്തിലെ ഗുണനിലവാരം ഉറപ്പാക്കും. സമ്മാനഘടനയും ഏജന്റുമാരുടെ കമ്മീഷനും അടക്കം ലോട്ടറിയുടെ സമഗ്ര പരിഷ്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.