തൃശൂർ: കോണ്‍ഗ്രസിൽ ആരു മുഖ്യമന്ത്രിയാകും എന്നതിൽ കെ. സുധാകരൻ എംപിയുടെ പരാമർശം വ്യക്തിപരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ജനാധിപത്യരീതിയിൽ ആർക്കും അഭിപ്രായം പറയാം. അഭിപ്രായം പറയുന്നവരോട് വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നു പറയുന്ന ശൈലി യുഡിഎഫിനില്ല.
എൽപിജി പ്രതിസന്ധി രൂക്ഷമായിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ല. കടുത്ത പ്രതിസന്ധി നേരിടുന്പോൾ സർക്കാർ നോക്കിനിൽക്കുന്നു. ഇതിനെ തെരഞ്ഞെടുപ്പിൽ ജനം നേരിടും. തദ്ദേശതെരഞ്ഞെടുപ്പിനേക്കാൾ സ്വീകാര്യത യുഡിഎഫിനു ലഭിക്കും. നൂറിലധികം സീറ്റുകൾ നേടും. സ്വീകാര്യത കുറഞ്ഞെന്ന ആരോപണം അവർക്ക് ആശ്വസിക്കാൻവേണ്ടിയാണ്.
ക്ലാസിഫിക്കേഷൻപോലുമില്ലാതെ 200 ബാറുകൾക്കു ലൈസൻസ് പുതുക്കിനൽകിയതിൽ വൻ അഴിമതി നടന്നു. പ്രവർത്തനസമയം നീട്ടിനൽകി ഉത്തരവിറക്കിയ അന്നുതന്നെ ലൈസൻസുകൾ പുതുക്കി. തെരഞ്ഞെടുപ്പുഫണ്ട് ലക്ഷ്യമിട്ട് ഇറക്കിയ ഉത്തരവാണിത്.
ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചതു തെറ്റായ പ്രവണതയാണ്. മുൻവർഷങ്ങളിൽ വ്യക്തമാക്കിയ വിവരങ്ങൾ ബോധപൂർവം ഒളിപ്പിച്ചെന്നും വേണുഗോപാൽ പറഞ്ഞു.